കട്ടപ്പന: പാർശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് അഞ്ചുവർഷംകൊണ്ട് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തല അലോകനവും പ്രോജക്ട് സമർപ്പണവും നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം പ്രസിഡന്റ് മനോജ് എം. ടി. ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൻ അദ്ധ്യക്ഷത വഹിച്ചു.
പദ്ധതി പ്രകാരം ത്രിതല പഞ്ചായത്തുതലത്തിൽ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വേ നടപടികൾ പൂർത്തീകരിച്ചിരുന്നു. ഇതിനുശേഷം ഓരോ കുടുംബത്തിനും മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായി ജനപ്രതിനിധികൾക്കും സി. ഡി. എസ്. അംഗങ്ങൾക്കും പഞ്ചായത്ത്, വാർഡ് തല സമിതി അംഗങ്ങൾക്കുമായി കിലയുടെ നേതൃത്വത്തിൽ പരിശീലനവും നൽകിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലും സർവേ നടത്തി ഓരോ കുടുംബത്തിനും പ്രത്യേകം തയ്യാറാക്കിയ മൈക്രോ പ്ലാനുകൾ യോഗത്തിൽ അലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ചുറ്റുപാട്, വരുമാനം തുടങ്ങി വിവിധ മേഖലകളിൽ അന്വേഷണം നടത്തി ഓരോ കുടുംബത്തിനും വിശദമായ മൈക്രോ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.
അതിദാരിദ്ര്യർ:
331 കുടുംബങ്ങൾ
ആറ് പഞ്ചായത്തുകളിൽ നിന്നുമായി 331 കുടുംബങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 13 പേർ മരണപ്പെട്ട സാഹചര്യത്തിൽ ബാക്കി 318 കുടുംബങ്ങൾക്കായുള്ള മൈക്രോ പ്ലാനാണ് തയാറാക്കിയത്. ഈ മൈക്രോ പ്ലാനുകൾ യോഗത്തിൽ അവതരിപ്പിച്ച് അംഗീകരിച്ചു.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീർണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ബി. ഡി. ഒ. ജയപ്രകാശ് ആർ.എസ് വിഷയവതരണം നടത്തി. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് നിഷാമോൾ ബിനോജ്, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തൊടുപുഴ ബ്ളോക്ക് പഞ്ചായത്തിൽ
തൊടുപുഴ: അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കിയ മൈക്രോപ്ലാൻ അവതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ച ശില്പശാല ഇടുക്കി ജില്ലാ പഞ്ചാത്ത് അംഗം സി.വി സുനിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നോഡൽ ഓഫീസർമാർ, അസി.നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോസഫ് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്ലോറി കെ.എ നന്ദിയും പറഞ്ഞു.