തൊടുപുഴ: അഞ്ചിരി പാടശേഖരത്തിലെ കർഷകർക്കായി കാർഷിക ഡ്രോണുകൾ പ്രദർശിപ്പിച്ച്, പ്രവർത്തന രീതി പരിചയപ്പെടുത്തി. ജില്ലയിൽ ആദ്യമായാണ് കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗിക്കുന്നതിന്റെ പ്രദർശനം സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ ഉപയോഗത്തിൽ കൊണ്ടുവരുന്ന കാർഷിക സാങ്കേതിക വിദ്യകളുടെ അതിനൂതനമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ഡ്രോൺ സാങ്കേതികവിദ്യ. കാർഷിക മേഖലയിൽ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവ്വേ എന്നിവയിൽ ഡ്രോണുകളുടെ സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചിരി പാടശേഖരത്ത കർഷകർക്കായി ഡ്രോൺ പ്രദർശനവും ഉപയോഗവും പരിചയപ്പെടുത്തിയത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം (എസ്എംഎഎം സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ) പദ്ധതി പ്രകാരം പത്തു ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകൾ കർഷകർക്ക് നാല് മുതൽ അഞ്ചു ലക്ഷം രൂപ വരെ സബ്‌സിഡി ഇനത്തിൽ ലഭ്യമാക്കും. പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി 100 ശതമാനം സബ്‌സിഡിയോടു കൂടി ഡെമോൺസ്‌ട്രേഷനുകൾ കൃഷിയിടങ്ങളിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്തിൽ നടത്തിയ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തി പരിചയവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെജോൺ ഉദഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി ജെറി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി തോമസ്, ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ ജെയിംസ്, ആലക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാന്റി ബിനോയ്, ആലക്കോട് ഗ്രാമപഞ്ചായത്തംഗം ജാൻസി മാത്യു, ഇടുക്കി അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സി. അമ്പിളി, ഇളംദേശം അഗ്രികൾച്ചർ അസി. ഡയറക്ടർ ഡീന എബ്രഹാം, ആലക്കോട് കൃഷി ഓഫീസർ ടി.ജി. ആര്യാംബ, ആലക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി തുടങ്ങിയവർ സംസാരിച്ചു. ആത്മാ പ്രൊജ്ര്രക് ഡയറക്ടർ ആൻസി തോമസ് സ്വാഗതവും ഇടുക്കി അഗ്രികൾച്ചർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൽ. ശൈലജ നന്ദിയും പറഞ്ഞു.

ചെലവ് കുറയും

ജോലി എളുപ്പത്തിലാകും

കുറഞ്ഞ അളവിൽ കൂടുതൽ കൃഷിയിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തിൽ വിളസംരക്ഷണ ഉപാധികൾ പ്രയോഗിക്കുന്നതിന് ഡ്രോണുകൾ വഴി സാദ്ധ്യമാണ്. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും ഒരേ പോലെ ഡ്രോൺ ഉപയോഗിച്ച് കളനാശിനിയും വളവും ഉൾപ്പെടെയുള്ളവ സ്‌പ്രേ ചെയ്യിക്കാനാവും. ഇതിന് പുറമേ തൊഴിലാളികളുടെ ലഭ്യതക്കുറവിനും പരിഹാരമാണ്. തൊഴിൽ സമയം കുറയ്ക്കുന്നതിന് പുറമേ കൂലിയിനത്തിലും ചെലവ് കുറയ്ക്കാമെന്നതും ഡ്രോൺ ഉപയോഗത്തിന്റെ നേട്ടമാണ്. ഇതോടൊപ്പം കൃഷിയിടത്തിലാകെ നിരീക്ഷണവും നടത്താം. പരമ്പരാഗത കൃഷിരീതികളിൽ നിന്നും മാറി കാർഷികരംഗം സ്മാർട്ടാക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാൻ ഡ്രോണുകൾ വഴി സാധ്യമാകുമെന്ന് കൃഷി വകുപ്പ് അധികൃതരും പറയുന്നു.