തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ജൂനിയർ വിഭാഗം ജില്ലാ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് തൊടുപുഴ മുൻസിപ്പൽ യു.പി സ്‌കൂൾ ഇൻഡോര്‍‌ സ്റ്റേഡിയത്തിൽ നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ ബി ടീം ജേതാക്കളായി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും നെടുങ്കണ്ടം ഹോളിക്രോസ് പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും നെടുങ്കണ്ടം ഹോളിക്രോസ് പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ജോർജ്ജ്‌ റോജി ആന്റണി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സന്ദീപ് സെൻ അദ്ധ്യക്ഷനായിരുന്നു. കേരള നെറ്റ്‌ബോൾ അസോസിയേഷൻ ഒബ്‌സർവർ ഡോ. സുനിൽ തോമസ്, ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ഭാരവാഹികളായ എൻ. രവീന്ദ്രൻ, ആർ. മോഹൻ, എ.പി. മുഹമ്മദ് ബഷീർ, പരിശീലകരായ ജോജോ ജോബിഷ്, ശ്രീവിദ്യ ആർ, മുഹമ്മദ് ഫാസിൽ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സമ്മാനദാനം നിർവ്വഹിച്ചു. 15, 16 തീയതികളിൽ പാലായിൽ നടത്തുന്ന സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ഇടുക്കി ജില്ലാ ടീമുകളെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്തു.