തൊടുപുഴ: സി.പി.എം- സി.പി.ഐ ചക്കളത്തിൽ പോരാട്ടം അവസാനിപ്പിച്ച് ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണവുമായി സർക്കാർ മുന്നോട്ട് വരണമെന്ന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെയും ഇതിനായി ചെറുവിരൽ അനക്കാൻ സർക്കാർ തയ്യറായിട്ടില്ല. നിയമഭേദഗതി തയ്യാറാക്കി നിർദ്ദേശം സമർപ്പിക്കേണ്ടത് സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പാണ്. നിയമം ഭേദഗതി ചെയ്യേണ്ടത് മുഖ്യമന്ത്രിയാണ്. പരസ്പരം തമ്മിലടിക്കുന്ന സി.പി.എം- സിപിഐ കക്ഷികൾ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഉദ്യോഗസ്ഥർ കർഷകർക്കെതിരെ വാശിയോടെ നടപടി സ്വീകരിക്കുന്നതിന് അവർക്ക് അവസരം ഉണ്ടാക്കുന്നത് നിയമത്തിന്റെ പഴുതുകളാണ്. മുഖ്യമന്ത്രി നൽകിയതായി പറയുന്ന വാക്കാലുള്ള നിർദ്ദേശം പരസ്യമായി നിരാകരിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നത് പട്ടയ ഭൂമിയിൽ വീട് വയ്ക്കാനും കൃഷിക്കും മാത്രമേ അനുമതിയുള്ളൂ എന്ന നിയമം നിലനിൽക്കുന്നതിനാലാണ്. ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നത് മാത്രമാണ് ഇതിന് ഏക പരിഹാരം. എന്നാൽ ഇതിന് സർക്കാർ തയ്യറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭരണകക്ഷിക്കാർ തമ്മിലുള്ള വാഗ്വാദങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുത്സിത ശ്രമം മാത്രമാണെന്നും ഇത് ഇടുക്കി ജില്ലയിലെ ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാമെന്നത് എൽ.ഡി.എഫ് നേതാക്കളുടെ മോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.