 
കുമളി: വന്യജീവികളുടെയും വനത്തിന്റെയും സംരക്ഷണം ഉറപ്പാക്കി മാത്രമേ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്താനാവൂ എന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇതിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിക്കൊണ്ടുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വന സംരക്ഷണത്തിൽ കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഴൂർ സോമൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നോയൽ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആരണ്യം മാസികയുടെ പ്രത്യേക പതിപ്പ്, മലബാർ ബോട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റിയൂട്ട് ഫോർ പ്ലാന്റേഷൻ കോഴിക്കോടും വനംവകുപ്പും ചേർന്ന് തയ്യാറാക്കിയ ബാൾസംസ് ഓഫ് മൂന്നാർ ഹിൽസ് എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.