muniyara

കൊന്നത്തടി : ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മുനിയറ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ പുതുക്കിപ്പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അച്ചാമ്മ ജോയി അദ്ധ്യക്ഷയായിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന മുനിയറ കുടുംബാരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപണികൾ തീർത്ത് പുതുക്കി പണിതത്. വർഷങ്ങളോളം സബ്‌സെന്ററായി പ്രവർത്തിച്ചു വന്ന കെട്ടിടമാണ് മികച്ച സൗകര്യങ്ങളോടെ പുതുക്കി പണിതത്. സ്ഥിരമായി ഒരു സ്റ്റാഫ് നഴ്‌സിന്റെയോ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെയോ സേവനം സെന്ററിൽ ലഭ്യമാകും. ജീവിത ശൈലീ രോഗങ്ങൾ നിർണയിക്കുന്നതിനുള്ള പരിശോധനാ സൗകര്യവും ഇവിടെ ലഭിക്കും. നിലവിൽ മുനിയറ കുടുംബരോഗ്യ ഉപകേന്ദ്രവും അതിനോടൊപ്പം തന്നെ പഞ്ചായത്തിലെ മറ്റ് നാല് സബ് സെന്ററുകൾ കൂടി രോഗീസൗഹൃദ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആയി ഉയർത്തുന്നതിനുള്ള സർക്കാർ അനുമതിയായിട്ടുണ്ട്. മുക്കുടം, മുതിരപ്പുഴ, പനംകുട്ടി, മുള്ളരിക്കുടി, തുടങ്ങിയ നാല് ആരോഗ്യ കേന്ദ്രങ്ങളാണ് ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി വെൽനസ് സെന്റർ ആക്കി ഉയർത്താൻ അനുമതി ലഭിച്ചിരിക്കുന്നത്.
കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളാക്കി ഉയർത്തുന്നതോടെ രോഗികൾക്ക് പ്രാഥമിക രോഗ പരിശോധന, മരുന്നുകൾ, ആരോഗ്യ ഉപദേശം, ഇരുപതിലധികം രോഗങ്ങൾ നിർണയിക്കുന്നതിനുള്ള പരിശോധന സൗകര്യം, ഇമ്മ്യൂണൈസേഷൻ, ഐ യു ഡി, സ്റ്റോർ മുറി, കാത്തിരിപ്പിനുള്ള സ്ഥലം, മൂലയൂട്ടുന്നത്തിനുള്ള മുറി തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഹെൽത്ത് ആൻഡ് വെൽനെസ്സ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സെന്ററിനും അഞ്ച് ലക്ഷം രൂപ വീതം പദ്ധതി നടത്തിപ്പിനായി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടറായ ആത്മാറാം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രസന്നലാൽ, ബിജു ജോർജ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ആശ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.