ചെറുതോണി: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ചെറുതോണി പാലത്തിനു സമീപം മറിഞ്ഞു. തലനാരിഴക്ക് വലിയ അപകടം ഒഴിവായി. ആലപ്പുഴയിൽ നിന്നും പെയിന്റുമായി കട്ടപ്പനയ്ക്ക് പോയ പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. കഴഞ്ഞ ദിവസം വൈകിട്ട് നാലിനായിരുന്നു അപകടം. സ്‌കൂൾവിട്ട സമയമായതിനാൽ ടൗണിൽ വളരെ തിരക്കുണ്ടായിരുന്നെങ്കിലും താലനാരിഴയ്ക്കാണ് അപകടം വഴിമാറിയത്. പമ്പിനുസമീപത്തുവെച്ച് ബ്രേക്ക് നഷ്ടപ്പെട്ട വിവരം മനസിലായതിനെത്തുടർന്ന് അവിടം മുതലെ ഡ്രൈവർ ഹോൺ മുഴക്കിയാണ് വാനോടിച്ചത്. പാലത്തിനു സമീപം ഒരു കാർ എതിരെ വന്നതിനാൽ കാറിനെ രക്ഷിക്കുന്നതിന് വെട്ടിച്ചപ്പോൾ റോഡിലുണ്ടായിരുന്ന കുഴിയിൽ ചാടിയാണ് വാൻ മറിഞ്ഞത്. വാനിന്റെ ഗ്ലാസ് പൊക്കി ഡ്രൈവറെ പുറത്തിറക്കുകയായിരുന്നു. വണ്ടിയിലെ പെയിന്റ് ടിന്നുകൾ മുഴുവൻ റോഡിൽ വീണു. കുറേ ടിന്നുകൾ പൊട്ടി റോഡിലൂടെ ഒഴുകിയതിനെത്തുടർന്ന് അരമണിക്കുറോളം ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി സ്റ്റേഷനിൽ നിന്നും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി റോഡ് വെള്ളമുപയോഗിച്ച് കഴുകിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. ആലപ്പുഴ സ്വദേശി അഭിലാഷാണ് വാൻ ഓടിച്ചിരുന്നത്. അഭിലാഷിന്റെ പരിക്ക് നിസാരമാണ്. ചെറുതോണി ടൗണിൽ ഈ സ്ഥലത്ത് നിരവധി അപകടങ്ങളുണ്ടാവുകയും ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്.