തൊടുപുഴ: പത്തൊമ്പതുകാരിക്ക് നേരെ ശാരീരികാതിക്രമം കാട്ടിയ മദ്ധ്യവയസ്‌കൻ പൊലീസ് പിടിയിലായി. തൊടുപുഴ മുട്ടം മേപ്പുറത്ത് ജോമോനാണ് (47) പിടിയിലായത്. പ്രതിയുടെ ഭാര്യാമാതാവിന് ഇൻസുലിൻ നൽകാനെത്തിയപ്പോഴായിരുന്നു അതിക്രമം. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഈ സമയത്ത് പ്രതിയും ഭാര്യ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യയും മകളും ഡോക്ടറെ കാണാൻ പുറത്ത് പോയിരിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതിയുടെ മകൾ പെൺകുട്ടിയെ വിളിച്ച് മുത്തശ്ശിക്ക് ഇൻസുലിൻ നൽകാൻ വീട്ടിലേയ്ക്ക് ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് വീട്ടിലെത്തിയ പെൺകുട്ടി വൃദ്ധയ്ക്ക് ഇൻസുലിൻ നൽകി. തുടർന്ന് പെൺകുട്ടി മടങ്ങാൻ തുടങ്ങിയപ്പോൾ താനും കുടുംബവും വരുന്ന ആഴ്ച ഗൾഫിലേക്ക് പോവുകയാണെന്നും ഇടയ്ക്കിടെ ഇവിടെയെത്തി വീടും പരിസരവും ശ്രദ്ധിക്കണമെന്നും പ്രതി പറഞ്ഞു. ഇതിനായി വീട്ടിലെ വാഷിംഗ് മെഷീൻ പ്രവർത്തിക്കുന്ന രീതിയും മറ്റും കാണിച്ച് നൽകാമെന്നും പറഞ്ഞ് മുകളിലത്തെ നിലയിലേക്ക് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി. മുകളിലെത്തിയ പെൺകുട്ടിയെ പ്രതി കടന്ന് പിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി ഒച്ച വയ്ക്കുകയും പ്രതിയെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയുമായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി രക്ഷകർത്താക്കളോട് വിവരം ധരിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള പെൺകുട്ടി തലകറങ്ങി വീണു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാകർത്താക്കൾ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതിയെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൊടുപുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാർ, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.