തൊടുപുഴ: നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മദ്യപാനികളും മയക്കുമരുന്നടക്കമുള്‌ല ലഹരി വിൽപ്പനാ സംഘങ്ങളും അഴിഞ്ഞാടുന്നു. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ, പ്രദേശവാസികൾ, വ്യാപാരികൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ എന്നിവർക്കെല്ലാം ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മദ്യപിച്ച് ഉന്മാദത്തിലാകുന്നവർ സ്ത്രീകൾ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുന്നതും നിത്യസംഭവമാണ്. ഉടുതുണി പോലുമില്ലാതെ വ്യാപാര സ്ഥാപനങ്ങളുടെ മുൻഭാഗത്ത് നിലയുറപ്പിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും സരമായി ബാധിക്കുകയാണ്. ഇവരെ ചോദ്യം ചെയ്യുന്നവരോട് അസഭ്യം പറഞ്ഞ് തട്ടിക്കയറുന്നതിനാൽ പലരും പ്രശ്‌നത്തിൽ ഇടപെടാറുമില്ല. കോതായിക്കുന്ന്, മങ്ങാട്ടുകവല സ്വകാര്യ ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, നഗരസഭ ടൗൺ ഹാൾ, വിവിധ ബൈപാസ് റോഡുകൾ, മാർക്കറ്റ് റോഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രാവും പകലും വ്യത്യാസം ഇല്ലാതെ ഇവർ അഴിഞ്ഞാടുകയാണ്. നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ കമ്പനി കൂടി മദ്യപിക്കുന്നതായും പറയപ്പെടുന്നു. ചില കച്ചവട സ്ഥാപനങ്ങളിൽ വൈകിട്ട് ആറ് മണിയോടെ മുൻവശത്തെ വാതിലും ഷട്ടറും അടച്ച് അതിന് ശേഷം സ്ഥാപനത്തിനകത്ത് കൂട്ടം ചേർന്നും മദ്യപാനം നടക്കുന്നതായി വ്യാപാരികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിൽ അഴിഞ്ഞാടുന്ന മദ്യപാനികളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. മദ്യപാനികളുടെ ശല്യം വർദ്ധിച്ചതോടെ നഗരത്തിലെ ചില കെട്ടിട ഉടമകൾ പൊലീസിന് പരാതി നൽകാനൊരുങ്ങുകയാണ്.
മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും ലഹരി
മദ്യപിച്ച ശേഷം കാലിക്കുപ്പികൾ ഫുട്പാത്തുകളിലും കെട്ടിടങ്ങളുടെ ഒഴിഞ്ഞ ഭാഗങ്ങളിലും തൊടുപുഴയാറ്റിലേക്കും വലിച്ചെറിയുന്നതിലും ഇവർ ലഹരി കണ്ടെത്തുകയാണ്. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നിലെ ഫുട്പാത്തിലും ഓടയിലും നിരവധി കുപ്പികളാണ് അടുത്തനാളിൽ തള്ളിയിരിക്കുന്നത്. വാഹനങ്ങളുടെ ടയറിൽ കുപ്പിചില്ലുകൾ തുളച്ചുകയറി കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. കാൽനട യാത്രക്കാർക്കും ഇത് ദുരിതമാവുകയാണ്. ഓടകളിൽ മദ്യകുപ്പികൾ നിറഞ്ഞ് മഴക്കാലത്ത് വെള്ളം ഒഴുകാതെ ചിലയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് അഴുക്ക് വെള്ളം നിറയുന്നത് ഇവിടെ പതിവാണ്.