മറയൂർ: 'ഞാനവനെ കൊന്നേ..." വലിയ ശബ്ദം കേട്ട് രാത്രി അയൽവാസികളും സുരേഷിന്റെ പിതാവ് സുബ്ബരാജും ഓടിയെത്തുമ്പോഴേക്കും കമ്പിവടിയുമായി കൊലവിളി നടത്തി പോകുന്ന സുരേഷിനെയാണ് കാണുന്നത്. മദ്യപിച്ച് സ്ഥിരമായി വഴക്കിടുന്ന സുരേഷ് (25)​ഒരു കൊലപാതകം ചെയ്യുമെന്ന് മാതാപിതാക്കളോ അയൽവാസികളോ കരുതിയില്ല. മദ്യപിച്ച് വീട്ടിലെ ടി.വിയും കസേരയും പാത്രങ്ങളും മുറ്റത്തേക്ക് വലിച്ചെറിയുന്ന പതിവ് നേരത്തെ സുരേഷിനുണ്ട്. മദ്യപിച്ചെത്തി സ്ഥിരമായി മർദ്ദിക്കുന്നതായി ഭാര്യ മറയൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കുറെ നാൾ പൊലീസിന്റെ സഹായത്തോടെ തൃശൂരിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ഇതിന് ശേഷം കുറച്ചുകാലങ്ങളായി മദ്യപാനമില്ലായിരുന്നു. അതിന് ശേഷം വെള്ളിയാഴ്ചയാണ് മദ്യപിക്കുന്നതെന്ന് പിതാവ് സുബ്ബരാജ് പറയുന്നു.

വൈരാഗ്യം സ്ഥലം ചോദിച്ചത്

മരിച്ച രമേശിനും സുരേഷിനും കുടുംബസ്വത്തായി മറയൂർ കമ്പിളിപ്പാറയിൽ കിട്ടിയ സ്ഥലം അടുത്തടുത്തുണ്ട്. ഇതിൽ സുരേഷിന്റെ സ്ഥലം കൂടി തനിക്ക് വേണമെന്ന് രമേശ് ഇടയ്ക്കിടെ പറയുമായിരുന്നു. ഇതാണ് സുരേഷിന്റെ വൈരാഗ്യത്തിന് കാരണം. സംഭവദിവസം മദ്യലഹരിയിൽ ഇരുവരും ഇതേ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് കിടന്നുറങ്ങിയ രമേശിനെ സുരേഷ് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം മറ്റൊരു കമ്പിവടി വായിൽ കുത്തിക്കയറ്റി. പിന്നീട് വീടിന് മുന്നിലെത്തിയാണ് നിന്ന് ഞാനവനെ കൊന്നേ..... എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്. ബഹളംകേട്ട് ആളുകൾ കൂടിയതോടെ സ്ഥലത്ത് നിന്ന് സുരേഷ് കടന്നുകളഞ്ഞു. വിവരമറിഞ്ഞ് മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് ഉച്ചയോടെ മറയൂർ ചന്ദന വനമേഖലയിൽ പ്രതിയെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വിവരം നൽകിയതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തിരുന്ന രമേശ് ഇടയ്ക്കിടെ മാതൃ സഹോദരന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ലൈഫ് ഭവന പദ്ധതി പ്രകാരം നിർമിച്ച വീട്ടിൽ ഇന്നലെ സുരേഷിനൊപ്പമായിരുന്നു രമേശ് കഴിഞ്ഞത്.