തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനം ലക്ഷങ്ങൾ തട്ടിച്ചതായി പരാതി. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ആൽഫ ഇൻഫർമേഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് അറുപതോളം പരാതികൾ ലഭിച്ചത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വർഷം മുമ്പാണ് തൊടുപുഴയിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയാണ് സ്ഥാപനം ഉദ്യോഗാർത്ഥികളെ കണ്ടെത്തിയത്. ഗൾഫ്, യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ജോലി ശരിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഉദ്യോഗാർഥികളിൽ നിന്ന് 50,​000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട്. ബാങ്ക് വഴി പണം കൊടുത്തവരാണ് കൂടുതലാളുകളും. നേരിട്ട് പണം കൊടുത്തവർക്ക് രസീതും നൽകിയിട്ടുണ്ട്. മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിനെതിരെ പരാതി ഉയർന്നത്. തുടർന്ന് പണം നൽകിയവർ സ്ഥാപനുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്ഥാപനം പൂട്ടിയിട്ട നിലയിലാണ്. ഇതോടെയാണ് പണം നൽകിയവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ട് മാസം മുമ്പ് ഇത്തരമൊരു തട്ടിപ്പുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ 17 സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ജോബ് റിക്രൂട്ട്‌മെന്റ് ഏജൻസി എന്ന് ബോർഡ് വെച്ചാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവക്കൊന്നും ആളുകളെ വിദേശ ജോലിക്കായി റിക്രൂട്ട് ചെയ്യാൻ ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി തൊടുപുഴ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാർ പറഞ്ഞു.