തൊടുപുഴ: ലഹരിക്കെതിരെയുള്ള നാർക്കോട്ടിക് സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 1.3 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മഞ്ഞള്ളൂർ കദളിക്കാട് കൂവക്കണ്ടത്തിൽ എബി ദേവസ്യയെയാണ് (32) പിടികൂടിയത്. സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിൽ ഇയാൾ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൊടുപുഴ മണക്കാട് മുല്ലയ്ക്കൽ ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. കോളജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മൊത്തക്കച്ചവടക്കാരനാണ് പ്രതി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പദ്മകുമാറിന്റെ നിർദേശ പ്രകാരം അസി. ഇൻസ്‌പെക്ടർ ഷാഫി അരവിന്ദാക്ഷൻ, പ്രിവന്റീവ് ഓഫീസർമാരായ സാവിച്ചൻ മാത്യു, കെ.പി. ജയരാജ്, ഒ.എച്ച്. മൻസൂർ, പി. ദേവദാസ്, സി.ഇ.ഒമാരായ ബാലു ബാബു, സുമേഷ്, ദിലീപ്, ജസ്‌മോൻ, ജോർജ് പി. ജോൺസ്, സുബൈർ, രാജേഷ് സുകുമാരൻ, ഡ്രൈവർ അനീഷ് ജോൺ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.