തൊടുപുഴ: ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള കോൺട്രാക്ട് കാരേജ് വാഹനങ്ങളിലെ നിയമലംഘനം തടയാനുള്ള ഓപ്പറേഷൻ ഫോക്കസ്- 3 പരിശോധനയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആറു സ്‌ക്വാഡുകൾ ജില്ലയിൽ നടത്തിയ പരിശോധനയിൽ 62 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 37500 രൂപ പിഴയായും ഈടാക്കി. നിയമ വിധേയമല്ലാതെ ലൈറ്റുകൾ ഘടിപ്പിച്ചതിന് 50 വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. കാതടപ്പിക്കുന്ന എയർഹോണുകൾ ഘടിപ്പിച്ചതിന്റെ പേരിൽ ഒമ്പതു വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് രണ്ട് വാഹനങ്ങൾക്കും സ്പീഡ് ഗവർണറിൽ കൃത്രിമം നടത്തിയതിന് അഞ്ച് വാഹനങ്ങൾക്കും പിഴയീടാക്കി. ഒമ്പത് സീറ്റുകൾക്ക് മുകളിലുള്ള കോൺട്രാക്ട് കാരേജ് വാഹനങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ഏഴു മുതൽ 16 വരെയാണ് ഓപ്പറേഷൻ ഫോക്കസ്- 3 പ്രകാരമുള്ള സ്‌പെഷ്യൽ ഡ്രൈവ് സംസ്ഥാന വ്യാപകമായി നടക്കുന്നത്. ഇതിന് പുറമെ സബ് ആർ.ടി.ഒ ഓഫീസുകളുടെ നേതൃത്വത്തിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റോഡുകളിൽ പരിശോധന നടത്തി. ഇതിനു പുറമെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകരെയുമായെത്തിയ വാഹനങ്ങളിലും പരിശോധന നടത്തി. നിയമാനുസൃതമല്ലാതെ വാഹനത്തിൽ ഘടിപ്പിക്കുന്ന ലൈറ്റുകളും എയർഹോണുകളും മറ്റ് സംവിധാനങ്ങളും ഉടൻ തന്നെ അഴിച്ചു മാറ്റാൻ ഉദ്യോഗസ്ഥർ നിർദേശം നൽകുന്നുണ്ട്. പരിശോധന ശക്തമായതോടെ പല വാഹനങ്ങളും ഇത്തരം സംവിധാനങ്ങൾ അഴിച്ചു മാറ്റിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.