മുട്ടം: തുടങ്ങനാട് സ്‌പൈസസ് പാർക്കിന്റെ നിർമ്മാണത്തിന് പാറ പൊട്ടിക്കുന്നത് പ്രദേശത്തെ വീടുകൾക്ക് വിള്ളൽ സംഭവിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് മുട്ടം പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് എസ്.ഐ പി.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി. ഇന്ന് രാവിലെ രേഖകളുമായി സ്റ്റേഷനിലെത്താൻ നിർമ്മാണത്തിന് കരാർ എടുത്തവരോട് നിർദേശം നൽകി. ഏതാനും മാസങ്ങൾക്ക് മുമ്പ് നിർമ്മാണം നടക്കുന്ന മറ്റൊരു സ്ഥലത്തെ അഞ്ച് വീട്ടുകാരുടെ സമാന രീതിയിലുള്ള പരാതി കളക്ടർക്ക് ലഭിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടിനും നാശം സംഭവിക്കുന്നതായി റവന്യൂ അധികൃതർ കളക്ർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് പാറ പൊട്ടിക്കുന്നത് താത്കാലികമായി നിറുത്തി വയ്ക്കാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇപ്പോൾ സ്‌പൈസസ് പാർക്കിന് വിട്ട് കൊടുത്ത മറ്റൊരു സ്ഥലത്താണ് പാറ പൊട്ടിക്കൽ നടത്തുന്നത്. എന്നാൽ ലായനി ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നതെന്ന് കരാറുകാർ പൊലീസിനോട് പറഞ്ഞു. പാറ പൊട്ടിക്കുന്നത് സംബന്ധിച്ച് കളക്ടറെ വിവരം അറിയിക്കാൻ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ലെന്നും പറയുന്നു.