മുരിക്കാശേരി : ഹരിത മിത്രം സ്മാർട്ട് ഗാർബേജ് പദ്ധതി വാത്തിക്കുടി പഞ്ചായത്തിലും നടപ്പാക്കുന്നു.കനകക്കുന്ന് വാർഡിലാണ് ആദ്യം നടപ്പാക്കുന്നത്. വാർഡിലെ 423 വീടുകളിൽ 420 ഇടത്തു നിന്നും പാഴ് വസ്തുക്കൾ ഹരിതകർമ്മ സേന ശേഖരിക്കുന്നുണ്ട്.ഇവരെല്ലാം യൂസർഫീയും നൽകുന്നു. ഈ നേട്ടം മുൻ നിർത്തിയാണ് കനകക്കുന്ന് വാർഡിനെ സ്മാർട്ട് ഗാർബേജ് പദ്ധതി നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്തത്.ഒരാഴ്ചയ്ക്കുള്ളിൽ വാർഡിലെ എല്ലാ വീടുകളിലും ഹരിതമിത്രത്തിന്റെ ക്യു ആർ കോഡുകൾ പതിപ്പിക്കുന്നതിനാണ് പദ്ധതി.മേരിഗിരി മരിയൻ പബ്ലിക് സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് പദ്ധതി ഉദ്ഘാടനം ചെയ്യും. വാർഡംഗം ലൈലാ മണി അധ്യക്ഷയാവും.
മൊബൈൽ ആപ്പ് ഉപയോഗിച്ച് ക്യൂആർ കോഡിന്റെ സഹായത്തോടെ മാലിന്യ സംസ്‌കരണ ,പരിപാലന വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനമാണ് ഹരിതമിത്രം. ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വീട്ടിൽ നിന്നും ശേഖരിച്ച പാഴ് വസ്തുക്കളുടെ വിശദാംശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനാകും.