തൊടുപുഴ: ഭൂപതിവ് ചട്ടങ്ങൾ കർക്കശമാക്കി 15 സെന്റിനപ്പുറം നിലനിൽക്കുന്ന കെട്ടിടങ്ങൾ കണ്ടുകെട്ടി പാട്ടത്തിനു നൽകാൻ നിയമമിറക്കിയ മുഖ്യമന്ത്രിയെ തടയാൻ സി.പി.എം ന് കഴിയുമോയെന്ന് ഡീൻ കുര്യാക്കോസ് എം.പി.
കഴിഞ്ഞ കുറേ നാളുകളായി ചെറുകിടക്കാരായ ഒരുപാട് ആളുകൾക്ക് റവന്യൂ അധികാരികൾ വീട് വയ്ക്കാനുള്ള അനുമതി നിഷേധിക്കുമ്പോഴും കെട്ടിടങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയപ്പോഴും കാണിക്കാത്ത സമരവീര്യം ആർക്കുവേണ്ടിയെന്ന് വ്യക്തമാക്കണം. ഹൈക്കോടതി വിധി കൈയ്യേറ്റക്കാർക്കെതിരെയായിരുന്നെങ്കിൽ, ഭൂപതിവ് ചട്ടം ലംഘിച്ചവരെല്ലാം കയ്യേറ്റക്കാരാണെന്ന് ചിത്രീകരിച്ച് നിയമം കാർക്കശ്യ സ്വഭാവത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചതും, ഇപ്പോഴത്തെ പ്രഖ്യാപനത്തിന്റെ ലക്ഷ്യവും ഇടത് പക്ഷത്തിന്റെ സ്വന്തം താൽപര്യക്കാരായ കൈയ്യേറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
സർക്കാരിന്റെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ, സർക്കാരിന്റെ നയം നടപ്പിലാക്കി ജനത്തെ പീഡിപ്പിക്കുമ്പോൾ, അതിന്റെ യഥാർത്ഥ കാരണക്കാരായ ഭരണകൂടത്തെ വെള്ളപൂശാനുള്ള ഈ ശ്രമം സി.പി.എം ന്റെ കഴിവുകേട് കൂടുതൽ വെളിപ്പെടുത്തുന്നതാണെന്നുംഎം.പി. പറഞ്ഞു.