കുമളി: റോഡൊന്ന് മുറിച്ച്കടക്കാൻ വഴിയാത്രക്കാരൻ സീബ്രാലൈൻ തിരഞ്ഞാൽ പെട്ടത് തന്നെ. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രവും തമിഴ്‌നാടിന്റെ പ്രവേശന കവാടവുമായ കുമിളയിലാണ് സീബ്രാലൈൻ കണികാണാനില്ലാത്തത്.അന്താരാഷ്ട്ര നിലവാരമുള്ള റോഡാണെന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം, അത്യാവശ്യം വേണ്ടുന്ന കാര്യങ്ങൾ ഇവിടെ അന്യമാണ്. അത്കൊണ്ട്തന്നെ റോഡിൽ അപകടസാദ്ധ്യതകൾ ഏറെയാണ്. തേക്കടിയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പലപ്പോഴും പരമാവധി സ്പീഡിൽ പോകുകയും വഴയാത്രക്കാർ പലയിടത്തും റോഡ് മുറിച്ച് കടക്കുന്നത് പ്രശ്നം സൃഷ്ടിക്കാറുണ്ട്. നാളുകളായി സീബ്രാലൈനിന്റെ അഭാവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടി എടുക്കുന്നതിൽ കാലതാമസം വരുത്തുകയാണ്.

ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതോടെ വാഹന പാർക്കിംങ്ങ് കുമളി ടൗൺ മുതൽ ഹോളി ഡേ ഹോം വരെ ഇടത് വശത്താണ് വാഹന പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. എന്നാൽ പാർക്കിംഗ് മാനദണ്ഡങ്ങൾ പാലിക്കാൻ റോഡിന് നേരെ ഉള്ള സീബ്രാലൈനോ പാർക്കിംഗ് രേഖപ്പെടുത്തുന്ന ലൈനുകളോ നിലവിൽ ഇല്ല. ദിണ്ഡുക്കൽ കൊട്ടാരക്കര ദേശീയപാതയിലാണ് ഇത്തരം മുന്നറിയിപ്പുകൾ ഒഴിവാക്കിയിരിക്കുന്നത്. വിനോദ സഞ്ചാരികളുടെയും ശബരിമല തീർത്ഥാടകരുടെ യും തിരക്ക് വർദ്ധിക്കുന്നതോടെ കുമളി ടൗൺ ഗതാഗത കുരുക്കിൽപ്പെടുന്നു. തീർത്ഥാടന മുന്നോരുക്കങ്ങളുടെ ഭാഗമായി സർക്കാർ സംവിധാനങ്ങൾ ഒന്നടങ്കം ചേർന്ന് നടപടികൾ സ്വീകരിച്ചാലും ഗതാഗതകുരുക്ക് ഇല്ലാതാക്കാൻ കഴിയുന്നില്ല. ഇതിനൊക്കെ ഒരു പരിധിവരെ പരിഹാരമാവുന്നറോഡിലെ സീബ്രാലൈനും പാർക്കിംഗ് ലൈനും അടിയന്തിര പ്രാധാന്യത്തോടെ റോഡിൽ ക്രമീകരിക്കണമെന്ന ആവശ്യം നാട്ടുകാരും വാഹന ഡ്രൈവർമാരും മുന്നോട്ട്വെക്കുന്നുണ്ട്.