soman

ഉപ്പുതറ: റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സൂര്യകാന്തിക്കവല -പോസ്റ്റോഫീസ് പടി റോഡിന്റെ നിർമ്മാണം ആരംഭിച്ചു. ഒരു കോടി 30 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പുന:നിർമ്മിക്കുന്നത്. വാഴൂർ സോമൻ എം എൽ എ റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് അദ്ധ്യക്ഷത വഹിച്ചു. പീരുമേട് ടീ കമ്പനിയിലെ മൂന്നാം ഡിവിഷനെയും പുതുക്കട ഡിവിഷനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ഉപ്പുതറ പഞ്ചായത്തിലെ 11ാം വാർഡിൽ ആരംഭിച്ച് 10ാം വാർഡിൽ അവസാനിക്കുന്ന റോഡ് 2018 ലെ പ്രളയത്തിൽ തകർന്ന് സഞ്ചാരയോഗ്യമല്ലാതെയായി തീർന്നിരുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തരമായ ആവശ്യപ്രകാരം 2020 ൽ റോഡിനെ റീ ബീൽഡ് കേരളയിൽ ഉൾപ്പെടുത്തിയെങ്കിലും റോഡിന് ആവശ്യത്തിന് വീതിയില്ലായിരുന്നത് റോഡ് പുന:നിർമ്മാണത്തിന് തിരിച്ചടിയായി. റോഡ് വീതി കൂട്ടാനാവശ്യമായ ഭൂമി വിട്ടുനൽകാൻ തോട്ടം ഉടമ തയാറായില്ല. ഇതേ തുടർന്ന് റോഡിന്റെ നിർമ്മാണം മുടങ്ങി. ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ തോട്ടമുടമയുമായി വാഴൂർ സോമൻ എം എൽ എ ചർച്ച നടത്തുകയും റോഡ് വികസനത്തിന് ഭൂമി ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു. ഭൂമി ലഭ്യമായതോടെ റോഡ് നിർമ്മാണം ആരംഭിക്കുകയായിരുന്നു. ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി, ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റെ സിനി ജോസഫ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിപി ജോൺ , പി. നിക്‌സൺ, പഞ്ചായത്തംഗങ്ങളായ ഓമന സോദരൻ എം. എൻ. സന്തോഷ്, സാബു വേങ്ങവേലി, മിനി രാജു, രജനി രവി , വൈ ജയൻ, കെ. സുരേന്ദ്രൻ, ആർ. പെരുമാൾ തുടങ്ങിയവർ പങ്കെടുത്തു.