തൊടുപുഴ: സി.പി.ഐയിൽ ഉറച്ചുനിൽക്കുമെന്ന് പീരുമേട് മുൻ എം.എൽ.എ ഇ.എസ്. ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ബിജിമോൾ പാർട്ടി വിടുന്നെന്ന മട്ടിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഇ.എസ്. ബിജിമോൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. സ്ഥാനമാനങ്ങൾക്കായും അഭിപ്രായ വ്യത്യാസത്തിന്റെ പേരിലും പാർട്ടി മാറുന്നവരുടെ കൂട്ടത്തിൽ തന്നെ പെടുത്തേണ്ട. ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവർത്തിക്കുന്നതിനും എന്നും സി.പി.ഐയ്ക്കൊപ്പമെന്നും പോസ്റ്റിൽ ബിജിമോൾ പറയുന്നു. ഇതിനപ്പുറം കൂടുതൽ പ്രതികരണത്തിനില്ലെന്നും ബിജിമോൾ പറഞ്ഞു. സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം പാർട്ടി ജില്ലാ നേതൃത്വത്തെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രതികരണങ്ങൾ വിവാദമായിരുന്നു.