marayur
രമേശിനെ കൊല്ലാൻ ഉപയോഗിച്ച ഇരുമ്പ് കമ്പി തെളിവെടുപ്പിനിടെ കണ്ടെടുത്തപ്പോൾ. പ്രതി സുരേഷ് സമീപം

മറയൂർ: മദ്യലഹരിയിൽ ബന്ധുവായ ആദിവാസി യുവാവിനെ തലയ്ക്കടിച്ച് കൊന്ന ശേഷം പ്രതി സുരേഷ് ചന്ദനക്കാട്ടിൽ ഒളിപ്പിച്ച ഇരുമ്പ് കമ്പി തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തു. പെരിയക്കുടി മുതുവ കോളനിയിൽ കാന്തല്ലൂർ തീർത്ഥമലക്കുടി സ്വദേശി രമേശിനെ (27) കൊല്ലാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയാണ് കണ്ടെടുത്തത്. മറയൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വനത്തിനുള്ളിലാണ് സുരേഷ് കമ്പി ഒളിപ്പിച്ചു വച്ചിരുന്നത്. കൊലപാതകം ചെയ്ത ശേഷം വനത്തിലേക്ക് പോയ വഴിയും കമ്പി ഒളിപ്പിച്ചുവച്ച സ്ഥലവും സുരേഷ് പൊലീസിന് കാണിച്ചുകൊടുത്തു. കമ്പി ഒളിപ്പിച്ച ശേഷം പുറത്തേക്ക് നടന്നു വരവേയാണ് ചന്ദന കാവലിൽ ഏർപ്പെട്ടിരുന്ന വാച്ചറിന്റെ മുമ്പിൽ സുരേഷ് പെടുന്നത്. രാത്രി എവിടെ പോയതാണെന്ന വാച്ചറുടെ ചോദ്യത്തിന് താൻ ഒരാളെ കൊന്നിട്ട് വരുന്നതാണെന്ന് മറുപടി നൽകിയ ശേഷം സുരേഷ് കാടിനുള്ളിലേക്ക് തന്നെ കയറിപോയി. തുടർന്ന് വാച്ചർ പൊലീസിന് നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ പിറ്റേന്ന് ഉച്ചയോടെ വനത്തിൽ നിന്ന് പിടികൂടുന്നത്. ഇന്നലെ മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുറ്റകൃത്യം നടത്തിയ വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി. എസ്.ഐ അശോക് കുമാർ, എ.എസ്.ഐമാരായ അനിൽ സെബാസ്റ്റ്യൻ, ശ്രീദീപ് നായർ,​ സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് എൻ.എസ്,​ സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ, സുഭാഷ് ലവൻ, അരുൺ ജിത്ത്, സജുസൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വെള്ളിയാഴ്ച രാത്രിയാണ് അമ്മാവന്റെ മകനായ സുരേഷ് തീർത്ഥമല കുടിയിലെ ബന്ധുവായ രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒരു മാസത്തോളമായി രമേശ് തന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി പെരിയകുടിയിലായിരുന്നു താമസിച്ചിരുന്നത്. രമേശ് ചില ദിവസങ്ങളിൽ സുരേഷിനൊപ്പം കഴിയുമായിരുന്നു. ഇവർ തമ്മിൽ ഭൂമി സംബന്ധമായി ഇടയ്ക്കിടെ തർക്കം ഉണ്ടായിരുന്നു. ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയെ തുടർന്ന് കുറച്ചുനാളായി മദ്യപിക്കാതിരുന്ന സുരേഷ് സംഭവദിവസം വീണ്ടും മദ്യപിച്ചു. രാത്രി ഇരുവരും സ്ഥലത്തെ ചൊല്ലി തർക്കമുണ്ടായി. തുടർന്ന് രമേശ് കിടന്നുറങ്ങി. എന്നാൽ രാത്രി പത്തരയോടെ തൊട്ടടുത്ത് പണിതു കൊണ്ടിരുന്ന വീട്ടിൽ നിന്ന് രണ്ട് കമ്പികഷ്ണങ്ങളെടുത്ത് കൊണ്ടുവന്ന് സുരേഷ് രമേശിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വായിൽ കമ്പി കുത്തി കയറ്റി. രമേശ് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം സുരേഷ് പുറത്തിറങ്ങി 'ഞാനവനെ കൊന്നേ" എന്ന് വിളിച്ചു പറഞ്ഞു. അപ്പോഴാണ് സുരേഷിന്റെ പിതാവും അയൽവാസികളും വിവരം അറിയുന്നത്. അപ്പോഴേക്കും കമ്പിയുമായി സുരേഷ് സ്ഥലംവിട്ടിരുന്നു. വീടിനകത്ത് അതിക്രൂരമായി കൊല്ലപ്പെട്ട രമേശിന്റെ മൃതദേഹം കണ്ടതോടെയാണ് കൊലപാതകവിവരം പുറംലോകമറിഞ്ഞത്.