മറയൂർ: പിടിച്ചെടുത്തതും വീണതുമായ കോടികൾ വിലമതിക്കുന്ന ചന്ദനം ലേലത്തിൽ വയ്ക്കുന്നു. 12, 13 തീയതികളിൽ നടക്കുന്ന മറയൂർ ചന്ദന ഇ- ലേലത്തിലൂടെയാണ് ചന്ദനം വാങ്ങാൻ അവസരം. 12 ക്ലാസുകളിലായി 126 ടൺ ചന്ദനമാണ് ലേലത്തിനായി ഒരുക്കിയിരിക്കുന്നത്. ഒന്ന് മുതൽ 12 ക്ലാസ് വരയുള്ള വിഭാഗത്തിലായി 41 ടൺ ചന്ദനവും 85 ടൺ സാപ്പ് വുഡ് ബില്ലറ്റുമാണ് ലേലത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ചന്ദന തൈലത്തിന്റെ ലേലം 11ന് നടക്കും. 100 കിലോ ചന്ദന തൈലമാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ മെറ്റൽ ആന്റ് സ്‌കാർപ്പ് ട്രേഡിങ്ങ് കമ്പനിക്കാണ് ലേലം നടത്തുന്നതിനുള്ള ചുമതല. ഈ വർഷത്തെ രണ്ടാമത്തെ ലേലമാണിത്. മാർച്ച് ഒമ്പതിനായിരുന്നു അവസാനം ലേലം നടന്നത്. അന്ന് എട്ട് കോടിയുടെ ചന്ദനമാണ് വിറ്റുപോയത്. ക്ഷേത്രങ്ങൾക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമേ നിരത ദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുക്കാൻ കഴിയൂ.
18 ശതമാനം ജി.എസ്.ടി, 5 ശതമാനം ഫോറസ്റ്റ് ഡവലപ്‌മെന്റ് ടാക്‌സ്, 2 ശതമാനം സാധാരണ ടാക്‌സ് എന്നിങ്ങനെ 25 ശതമാനം നികുതി കൂടി അധികമായി കൊടുക്കേണ്ടിവരും. കൊവിഡിന് മുമ്പ് 80 കോടി രൂപ വരെയായിരുന്നു മറയൂർ ചന്ദന ഇ ലേലത്തിലൂടെ സർക്കാരിന് പ്രതിവർഷം ലഭിച്ചിരുന്നത്. കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടങ്കിലും കേരളത്തിലെ ഏക ചന്ദന ലേലമായ ഇതിൽ പങ്കെടുക്കുന്നവർ ചുരുക്കമാണ്. ലേലത്തിൽ പൊതുവെ വിൽപനയ്ക്ക് എത്തിച്ചു വരുന്നത് ചന്ദന റിസർവ്വിൽ കാറ്റിൽ വീഴുന്നതോ വന്യമൃഗങ്ങൾ പിഴുതിടുന്നതോ സ്വകാര്യ റവന്യൂ ഭൂമിയിൽ നിന്ന് നടപടികൾ പൂർത്തീകരിച്ച് ഗോഡൗണിലെത്തിക്കുന്നവയോ ആണ്. ഇതിന് പുറമേ കള്ളകടത്തുകാരിൽ നിന്ന് പിടികൂടുന്ന ചന്ദനവും ലേലത്തിൽ വയ്ക്കാറുണ്ട്.
സ്ഥിരം കമ്പനികൾ ഇവർ
കർണാടകത്തിലെ പൊതുമേഖല സ്ഥാപനമായ കർണ്ണാടക സോപ്‌സ് ആന്റ് ഡിറ്റർജന്റ് കമ്പനിയാണ് എല്ലാ വർഷവും ഏറ്റവും കൂടുതൽ ചന്ദനം ലേലത്തിൽ പിടിക്കുന്നത്. കഴിഞ്ഞ ലേലത്തിൽ 90 ശതമാനവും വാങ്ങിയത് ഇവരാണ്. കഴിഞ്ഞ വർഷം 34 ടൺ ചന്ദനമാണ് ഇവർ ലേലത്തിൽ വാങ്ങിയത്. ഇത്തവണയും ഈ കമ്പനി അടക്കം നിരവധി കമ്പനികൾ ലേലത്തിൽ പങ്കെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ജയ്പൂർ സി.എം.ടി ആർട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്പൂർ ക്ലൗഡ്, കേരള ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്പ്‌മെന്റെ് കോർപ്പറേഷൻ, കോട്ടയം മണക്കാട്ട് അയ്യപ്പ ക്ഷേത്രം ട്രസ്റ്റ്, തൃശൂർ ഔഷധി, കർണ്ണാടക ഹാൻഡി ക്രാഫ്റ്റ്‌സ്, മുളികുളങ്ങര കളരിക്കൽ ഭഗവതി ദേവസ്വം, തൃശൂർ ശ്രീ സീതാരാമസ്വാമി ക്ഷേത്രം, മൂന്നാർ കെ.എഫ്.ഡി.സി, അഡാർച്ചെ ട്രസ്റ്റ്, എറണാകുളം അംബുജ സെന്റർ എന്നിവരും ഇ- ലേലത്തിൽ കഴിഞ്ഞവർഷങ്ങളിൽ പങ്കെടുത്തിരുന്നവരാണ്.