ശാന്തൻപാറ: നിരോധിത ലഹരി വസ്തുക്കളുടെ വൻ ശേഖരവുമായി രണ്ട് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് പുതിയേടത്ത്കുന്നേൽ സുമേഷ് (38), പൂപ്പാറ സ്വദേശി ഈശ്വരൻ (52) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാജകുമാരി നോർത്തിലെ വ്യാപാരിയായ സുമേഷിന്റെ വാഹനത്തിൽ നിന്ന് 2700 പായ്ക്കറ്റ് ഹാൻസും പൂപ്പാറ ടൗണിലെ വ്യാപാരിയായ ഈശ്വരന്റെ പക്കൽ നിന്ന് 280 പായ്ക്കറ്റ് ഹാൻസുമാണ് പിടികൂടിയത്. ഒരാഴ്ച മുമ്പ് 15 പായ്ക്കറ്റ് ഹാൻസുമായി സുമേഷിനെ രാജാക്കാട് പൊലീസും 25 പായ്ക്കറ്റ് ഹാൻസുമായി ഈശ്വരനെ ശാന്തൻപാറ പൊലീസും അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇരുവരും വീണ്ടും ലഹരി വസ്തുക്കളുടെ വ്യാപാരം തുടങ്ങി. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച ഹാൻസ് സുമേഷ് ചില്ലറ വിൽപന നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സുമേഷിന്റെ പക്കൽ നിന്നാണ് ഈശ്വരൻ ഇത് വാങ്ങിയത്. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹാൻസ് സൂക്ഷിച്ചിരുന്ന സുമേഷിന്റെ വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.