ഇടുക്കി :ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേത്യത്വത്തിൽ ഒക്ടോബർ ഒന്നു മുതൽ 14 വരെ നടത്തി വരുന്ന വയോജന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി നാളെ നടക്കും. രാവിലെ 10 ന് എഴുകുംവയൽ ജയ് മാതാ ഭവനിൽ എം.എം. മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വയോജനങ്ങൾ നേരിടുന്ന ആരോഗ്യ, മാനസിക, സാമൂഹ്യ പ്രശ്‌നങ്ങൾ സമൂഹ ശ്രദ്ധയിൽ കൊണ്ടുവരികയും അതിലൂടെ സമാധാനവും സന്തോഷവും നിറഞ്ഞ വാർധക്യം ഉറപ്പാക്കുകയാണ് വയോജന പക്ഷാചരണത്തിന്റെ ലക്ഷ്യം.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗ്ഗീസ് എസ്. മുഖ്യപ്രഭാഷണം നടത്തും. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൂട്ട നടത്തം രാവിലെ 9.30 ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ കെ.അനൂപ് ഫ്‌ളാഗ് ഓഫ് ചെയ്യും. ബോധവത്ക്കരണ ക്ലാസ്സുകൾ, ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്, നേത്രപരിശോധന, യോഗാ പരിശീലനം, വ്യദ്ധ ജനങ്ങളെ ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കും. പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വയോജനങ്ങൾക്ക് സൗജന്യമായി രോഗനിർണ്ണയത്തിനും ചികിൽസയ്ക്കും ആവശ്യമായ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുസമ്മേളനത്തിനു ശേഷം വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിക്ക് ചെമ്പകപ്പാറ പി.എച്ച്.സി. മെഡിക്കൽ ഓഫിസർ ഡോ.കെ.എസ്.അരവിന്ദ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ജിനേഷ് കെ. മേനോൻ, സി.ഡി.പി.ഒ. ജാനറ്റ് എം. സേവ്യർ, ഡയറ്റീഷ്യൻ ആഷ ജോസഫ്, ഫിസിയോ തെറാപ്പിസ്റ്റ് ക്യപാ ജോസ്, യോഗാ പരിശീലകൻ അനിൽ എന്നിവർ നേത്യത്വം നൽകും. വയോജനങ്ങളെ ആദരിക്കൽ എഴുകുംവയൽ ജയ്മാതാ പള്ളി വികാരി ഫാ .ജോർജ്ജ് പാട്ടത്തേക്കുഴി നിർവഹിക്കും.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സിനി മാത്യു, ജയ്‌നമ്മ ബേബി, പ്രീമി ലാലിച്ചൻ, ജില്ലാ മാസ് മീഡിയാ ഓഫീസർ തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുഷമ പി.കെ., ജില്ലാ ടി.ബി. ഓഫീസർ ഡോ. ബി .സെൻസി തുടങ്ങിയവർ പങ്കെടുക്കും.