ഇടുക്കി: ഡിജിറ്റൽ റീസർവേ പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ നാളെ മുതൽ സംസ്ഥാനത്ത് സർവേ സഭകൾചേരും. സർവേ നടപടികളെക്കുറിച്ച് ജനങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും ഈ സഭകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകും. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവേ നടക്കുന്ന 200 വില്ലേജുകൾ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന വാർഡുകളിലാണ് സഭകൾ വിളിച്ച്‌ചേർക്കുന്നത്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം നാളെ ഇരട്ടയാർ വില്ലേജിൽ നടക്കും. ഇടുക്കി ജില്ലയിലെ പെരുവന്താനം, മഞ്ചുമല, പെരിയാർ, ചിന്നക്കനാൽ, ചതുരംഗപ്പാറ, കൽക്കൂന്തൽ, കരുണാപുരം, ബൈസൺവാലി, ശാന്തൻപാറ, രാജാക്കാട്, ഇരട്ടയാർ, വാത്തിക്കുടി, ഇടുക്കി എന്നീ 13 വില്ലേജുകളാണ് ആദ്യഘട്ട സർവേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കുംരേഖ' എന്ന സർക്കാർ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ ആരംഭിക്കുന്നത് ഭൂമി സംബന്ധമായസേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാനും ഇതുവഴി കഴിയും. 4 വർഷം കൊണ്ട് സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാനാണ് പദ്ധതി.
സർവേ ഉദ്യോഗസ്ഥർ എത്തുമ്പോൾ ആവശ്യമായരേഖകൾ ഹാജരാക്കുക, അതിർത്തികൾ അടയാളപ്പെടുത്തി വയ്ക്കുക, അതിർത്തികൾ സർവേ നടത്താൻ പാകത്തിൽ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ഭൂവുടമകൾ ചെയ്യണം. ഉടമ സ്ഥലത്തില്ലെങ്കിൽ ഏറ്റവും അടുത്ത ഒരാളെ പ്രത്യേകം ചുമതലപ്പെടുത്തി ഇക്കാര്യം സർവേ വകുപ്പിനെ അറിയിക്കണം. ഭൂവുടമകളായ എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നതിനാൽ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഷീബജോർജ് അഭ്യർത്ഥിച്ചു.