രാജാക്കാട്: ജില്ലയിലെ ഭൂ വിഷയത്തിൽ വനം- റവന്യൂ വകുപ്പുകൾ ജനദ്രോഹ നടപടികൾ തുടരുകയാണെങ്കിൽ വിവിധ സംഘടനകളെയും കർഷക കൂട്ടായ്മകളെയും ഏകോപിപ്പിച്ച് സമരം നടത്താൻ ജില്ലയിലെ വ്യാപാരികളുടെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായാണ് ജില്ലയിൽ റവന്യൂ ഉദ്യോഗസ്ഥർ പ്രവർത്തിയ്ക്കുന്നതെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആരോപണം. ഇടുക്കിയിലെ വിവിധ ഭൂവിഷയങ്ങളുടെ മറവിൽ ജനജീവിതം സ്തംഭിപ്പിയ്ക്കാനാണ് ജില്ലയിലെ റവന്യൂ- വനം ഉദ്യോഗസ്ഥർ ശ്രമിയ്ക്കുന്നത്. നിലവിൽ നടക്കുന്ന നിർമ്മാണങ്ങൾ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ആർ.ഡി.ഒ 280 ലധികം പേർക്കാണ് നോട്ടീസ് അയച്ചിരിയ്ക്കുന്നത്. പട്ടയ വിതരണം വേഗത്തിലാക്കണമെന്നും നിർമ്മാണ നിരോധനം അവസാനിപ്പിയ്ക്കണമെന്നും ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ സഹകരണത്തോടെ ഏകോപന സമിതി മുമ്പ് സമരം പ്രഖ്യാപിച്ചിരുന്നു. അന്ന്, ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വം ഇടപെട്ട് സംസ്ഥാന സർക്കാരുമായി ചർച്ചയ്ക്ക് അവസരം ഒരുക്കി. പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിയ്ക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം താത്കാലികമായി പിൻവലിയ്ക്കുകയായിരുന്നു. എന്നാൽ സർക്കാരിൽ നിന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന കാരണത്താൽ, റവന്യൂ വകുപ്പ് ജനദ്രോഹ നടപടികൾ തുടരുകയാണ്. പ്രസംഗങ്ങളല്ലാതെ, ഉത്തരവുകൾ ഉണ്ടാകാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉറപ്പ് വാഗ്ദാനങ്ങളായി മാത്രം നീണ്ടു നിന്നാൽ സമരം ചെയ്യാനാണ് വ്യാപാരികളുടെ തീരുമാനമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ആക്ടിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, വൈസ് പ്രസിഡന്റുമാരായ പി.എം. ബേബി, വി.കെ. മാത്യു, സെക്രട്ടറി വി.എസ്. ബിജു, രാജാക്കാട് യൂണിറ്റ് സെക്രട്ടറി സജിമോൻ ജോസഫ്, ട്രഷറർ വി.സി. ജോൺസൺ എന്നിവർ അറിയിച്ചു.

പ്രധാന ആവശ്യങ്ങൾ

 നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അയക്കുന്ന നോട്ടീസുകൾ പിൻവലിയ്ക്കണം.


 ഇടുക്കിയിലെ ഭൂ വിഷയങ്ങൾ പരിഹരിയ്ക്കാൻ മുഖ്യമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തണം

 വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങുന്നത് തടയാൻ ഇടപെടൽ ഉണ്ടാവണം

 അടുത്ത കാലത്തായി ജനവാസ മേഖലയിൽ പുലിയും കടുവയും ഉൾപ്പടെയുള്ള മൃഗങ്ങൾ എത്തുന്നതിന് പിന്നിൽ എന്തെങ്കിലും അജണ്ടയുണ്ടോയെന്ന് അന്വേഷിക്കണം