മുട്ടം: 1980- 90 കാലഘട്ടത്തിൽ മുട്ടത്തിന്റെ സാമൂഹ്യ- സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞ് നിന്ന യുവാക്കളുടെ സൗഹൃദക്കൂട്ടം ഞായറാഴ്ചത്തെ സായം സന്ധ്യയിൽ വീണ്ടും ഒത്ത് ചേർന്നു. മുട്ടം പബ്ലിക്ക് ലൈബ്രറി, ശക്തി വോളിബോൾ ക്ലബ്, മുട്ടം ഗവണ്മെന്റ് ഹൈസ്‌കൂൾ മൈതാനം, സൂര്യകലാ സാംസ്കാരിക വേദി, ഒമ്പള്ളീൽ കുടുംബ വീട്... എന്നിങ്ങനെയുള്ള സൗഹൃദ കേന്ദ്രങ്ങളിലാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് അവർ തമ്പടിച്ചിരുന്നത്. വിഭിന്ന ജാതി, മത, രാഷ്ട്രീയങ്ങളിൽ വിശ്വസിച്ചിരുന്ന അവരുടെ സൗഹൃദങ്ങളിലൊന്നും അത്തരം ചിന്തകൾ ഒന്നും കടന്ന് വരാതെയാണ് അന്നത്തെ യൗവ്വനങ്ങൾ മുട്ടം പ്രദേശത്ത് നിറഞ്ഞ് നിന്നത്. ഓണം, ക്രിസ്തുമസ്, ബക്രീദ്, ഉത്സവങ്ങൾ, പെരുന്നാൾ ആഘോഷങ്ങളിൽ ഇവർ ഒത്ത് ചേർന്നപ്പോൾ അതെല്ലാം മുട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി. പതിറ്റാണ്ടുകൾക്ക് ശേഷം അവരിൽ മിക്കവരും അച്ഛനായി, മുത്തച്ഛനായി നാട്ടിലും വിദൂര ദേശങ്ങളിലും കുടുംബത്തോടൊപ്പം കഴിയുന്നു. പഴയ കൂട്ടുകാരിലെ 50ൽപരം ആളുകൾ വീണ്ടും ഒത്ത് ചേർന്നപ്പോൾ ഓർമ്മകൾ മഴയായി പെയ്തിറങ്ങി. ഏറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും മനസിൽ നിന്ന് മായിച്ച് കളയാൻ ഇഷ്ടപ്പെടാത്ത ചില കഥകൾ കൂട്ടുകാർ ഓർത്തെടുക്കുമ്പോഴും മറ്റ് ചിലർ പാട്ടുകളും കവിതകളും ഏറെ മനോഹരമായ ഈണത്തിൽ പാടുമ്പോഴും ചിലർ പുഞ്ചിരിയോടെ പരസ്പരം പുണരുമ്പോഴും ചിലരുടെയെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നു.