
തട്ടക്കുഴ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ടൊയ്‌ലറ്റ് കോംപ്ലക്‌സ് തകർത്ത നിലയിൽ . രണ്ട് ദിവസത്തെ അവധിക്കു ശേഷം സ്‌കൂൾ തുറക്കാനെത്തിയപ്പോഴാണ് ആൺകുട്ടികൾ ഉപയോഗിക്കുന്ന ടൊയ്‌ലറ്റുകളുടെ വാതിലും സാനിറ്ററി ഉപകരണങ്ങളും തകർത്ത നിലയിൽ കാണപ്പെട്ടത്. സ്‌കൂളിന്റെ സമീപ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമയക്കുമരുന്നു സംഘങ്ങളുടെ പ്രവർത്തനം കുറച്ച് ദിവസങ്ങളായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പി.റ്റി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനെതിരായി രംഗത്ത് വരുകയും പൊലീസ് അധികാരികൾ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് സ്‌കൂളിനെതിരായി നടന്ന ആക്രമണമെന്ന് കരുതുന്നതായി സ്‌കൂൾ പ്രിൻസിപ്പളും പി.റ്റി.എ ഭാരവാഹികളും പറഞ്ഞു. അധികാരികളുടെ പരാതിയിൽ കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സ്‌കൂൾ പി.റ്റി എ പ്രസിഡന്റും ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം. ലതീഷ് ആവശ്യപ്പെട്ടു.