vazha

ഇടുക്കി: നാരകക്കാനത്തെ പൊളിഞ്ഞ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് 7, 8 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാരകക്കാനം റോഡിൽ വാഴ വച്ചു പ്രതിഷേധിച്ചു. ദിവസവും ധാരാളം വാഹനങ്ങൾ പോകുന്ന ഈ വഴിയിൽ റോഡിന്റെ ശോചനീയാവസ്ഥ മൂലം എല്ലാ ദിവസവും അപകടങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. സ്‌കൂൾ വാഹനങ്ങളും ടൂറിസ്റ്റ് വാഹനങ്ങളും ഹോമിയോ ആശുപത്രിയിലേയ്ക്കും മൃഗാശുപത്രിയിലേയ്ക്കും മിൽമ സൊസൈറ്റിയിലേക്കുമുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഫണ്ട് അനുവദിച്ചെന്ന് പറഞ്ഞുകൊണ്ട് മന്ത്രിയുടെ ഫ്ളക്‌സ് വച്ചതല്ലാതെ മറ്റൊരു പ്രവർത്തനങ്ങളും ഇവിടെ നടത്തിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്തിന്റെ 50 ശതമാനം പൈസ പോലും ചെലവാക്കാത്തതിനാലാണ് നമ്മുടെ നാട്ടിൽ ഈ അവസ്ഥ വന്നിരിക്കുന്നതെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തങ്കച്ചൻ വേമ്പേനി ആരോപിച്ചു. പരിപാടിയിൽ വാർഡ് പ്രസിഡന്റുമാരായ റെജി ചിറ്റേട്ട്, ടോമി വടയാട്ട്, അപ്‌കോസ് പ്രസിഡന്റ് ജെയ്‌സൺ, മാത്യു തെരുവത്തിൽ, ജോസഫ് കണ്ണംകുളം,​ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജോ വർഗീസ്, ജോസഫിൻ, ടോണി റെജി, ജിതിൻ എന്നിവരും പ്രദേശവാസികളും പങ്കെടുത്തു.