തൊടുപുഴ: ബോധവത്കരണവും നിയമവും ശക്തമായിട്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റ കൃത്യങ്ങൾ നഗര-ഗ്രാമ വ്യത്യാസമില്ലാതെ നാൾക്കുനാൾ വർദ്ധിക്കുന്നു. ഈ വർഷം ജൂൺ വരെയുള്ള ആറുമാസത്തെ മാത്രം കണക്കുകൾ പരിശോധിച്ചാൽ കുട്ടികളുമായി ബന്ധപ്പെട്ട് 63 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 61 എണ്ണവും ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. 2021ൽ 109 കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. ലൈംഗികാതിക്രമം, സംരക്ഷണം നൽകാതിരിക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതികൾക്ക് പ്രതിവർഷം നൂറ് കണക്കിന് പരാതികൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. 13 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്. ഈ വർഷം ജൂൺ വരെ ജില്ലയിൽ ഒരു ശൈശവ വിവാഹമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടൊപ്പം തന്നെ ജില്ലയിൽ സ്ത്രീകൾക്കെതിരായ കുറ്റകുത്യങ്ങളും വർദ്ധിക്കുന്നുണ്ട്. ജനുവരി മുതൽ ആറ് മാസത്തിനിടെ 169 കേസുകളാണ് റിപ്പോർട്ട് ചെയ്തതത്. ഇതിൽ 17 എണ്ണം ലൈംഗിക അതിക്രമമാണ്. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 49 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സ്ത്രീകളെ അപമാനിച്ചതുമായി ബന്ധപ്പെട്ട് 60 കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. 41 മറ്റ് ഇതര കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസും വനിതാസംഘടനകളും ജില്ലാ ശിശുക്ഷേമസമിതിയും സംയുക്തമായി നടത്തുന്ന ബോധവത്കരണത്തിന്റെ ഫലമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രവണത കൂടിയതാണ് കണക്കുകൾ ഉയരാൻ കാരണമെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതുമായി പൊലീസിന്റെയും ചൈൽഡ് ലൈനിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ യോജിച്ച പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങൾക്കിടയിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങളുമുണ്ട്. പലരും അപമാനം ഭയന്നു പ്രതികരിക്കാൻ മടിക്കുന്നുണ്ട്. ഒറ്റപ്പെടുമോയെന്നുള്ള ഭീതിയും ഇത്തരം കേസുകൾ മറച്ചുപിടിക്കാൻ കാരണമാകുന്നു. ഇവർക്കിടയിൽ വനിത സംഘടനകളുടെയും കമ്മിഷന്റെയുമടക്കം നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്.

സ്ത്രീകൾക്ക് വിളിക്കാം 1091

സ്ത്രീകൾക്ക് സുരക്ഷാ പ്രശ്‌നങ്ങൾ നേരിട്ടാൽ ഏതുസമയത്തും 1091 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. വിളിക്കുന്നയാളുടെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ഉടനെത്തും.
വനിതാ സെൽ ഇടുക്കി- 04862-236600
വനിതാ ഹെൽപ് ലൈൻ കട്ടപ്പന- 94979 32403
വനിതാ ഹെൽപ് ലൈൻ തൊടുപുഴ- 04862-229100


കുട്ടികൾക്ക് വിളിക്കാം 1098
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 1098 അല്ലെങ്കിൽ 1517 നമ്പറുകളിൽ വിളിക്കാം. സൗജന്യമായി 24 മണിക്കൂറും സേവനം. കൂടാതെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 04862200108 എന്ന നമ്പറിലും വിളിക്കാം.