കരിങ്കുന്നം: സിമന്റ് കയറ്റി വന്ന ലോറി വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. നെടിയശാല ജംഗ്ഷനു സമീപം പുറപ്പുഴ റോഡിലാണ് ഇന്നലെ രാവിലെ ലോറി കുടുങ്ങിയത്. റോഡിലെ കയറ്റത്തിലെത്തിയപ്പോൾ മുന്നോട്ടു നീങ്ങാനാകാതെ നിന്നു പോയ ലോറിയുടെ കാബിൻ ഭാഗം റോഡിൽ വട്ടം തിരിഞ്ഞതോടെയാണ് വാഹനം അങ്ങോട്ടുമിങ്ങോട്ടും പോകാനാകാതെ കുടുങ്ങിയത്. ഇതോടെ ഇതു വഴിയുള്ള ഗതാഗതം രാവിലെ എട്ടര മുതൽ പൂർണമായും തടസപ്പെട്ടു. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്നോടെ മറ്റൊരു വാഹനം എത്തിച്ച് ലോറി കെട്ടി വലിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വിവരമറിഞ്ഞ് കരിങ്കുന്നം പൊലീസും സ്ഥലത്തെത്തിയിരുന്നു.