waste

തൊടുപുഴ: ഇടുക്കി റോഡിൽ ടൗൺ ഹാളിനോട് ചേർന്നുള്ള പൊതുശുചിമുറിക്ക് സമീപം പുഴയിൽ വൻ തോതിൽ മാലിന്യം തള്ളി. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. ഇടുക്കി, എറണാകുളം ജില്ലകളിലായി ആയിരക്കണക്കിനാളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയിലാണ് മാലിന്യം കണ്ടത്. തുടർന്ന് പുഴയിൽ നിന്ന് മാലിന്യം ശേഖരിച്ച് നീക്കാൻ നഗരസഭാ അധികൃതർ തീരുമാനിച്ചു. പൊതുശുചിമുറിക്ക് സമീപത്ത് കൂടി മാത്രമാണ് ഇവിടേക്ക് വഴിയുള്ളത്. ഈ വഴിയിൽ ഉൾപ്പെടെ മാസങ്ങളായി വൻതോതിൽ മാലിന്യം കൂടിക്കിടക്കുകയായിരുന്നു. ഇത് നീക്കം ചെയ്യാതെ പുഴയിലേക്ക് ഇറങ്ങാനാവാത്ത സ്ഥിതിയായി. ഇതോടെ വഴിയിലെ മാലിന്യം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ശേഖരിച്ച് പിക്ക് ജീപ്പിൽ നീക്കം ചെയ്തു. ഇതിന് ശേഷമാണ് പുഴയയിലെ അഴുകിയ മാലിന്യം വാരിയെടുത്ത് ശുചി മുറിക്ക് സമീപത്ത് കുഴിയെടുത്ത് മൂടിയത്. വർഷങ്ങളായി ഇവിയെടുണ്ടായിരുന്ന ശുചിമുറി അടുത്ത കാലത്ത് നവീകരിച്ചെങ്കിലും ഇതുവരെ തുറന്ന് കൊടുത്തിട്ടില്ല. നഗരമധ്യത്തിലെത്തുന്ന നിരവധിയാളുകൾക്ക് പ്രയോജനകരമാകുന്ന ശുചിമുറി എത്രയും വേഗം തുറന്ന് കൊടുക്കണമെന്ന് യാത്രക്കാരും ഓട്ടോ ടാക്‌സി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.