road-tarring

തൊടുപുഴ: വിജിലൻസ് ഇടപെട്ടതോടെ ടാർ ചെയ്ത് മാസങ്ങൾക്കം പൊളിഞ്ഞ റോഡിലെ കുഴികളടച്ച് കരാറുകാരൻ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ലക്ഷങ്ങൾ ചിലവഴിച്ച് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ ടാറിങ് ജോലികൾ പൂർത്തിയാക്കിയത്. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അങ്ങിങ്ങായി ടാറിങ് പൊളിയാൻ തുടങ്ങി. ക്രമേണ ഇത് വർദ്ധിച്ച് പലയിടത്തും വലിയ ഗർത്തങ്ങളായി. ബസുകളും യാത്രക്കാരും ഒരേപോലെ ഗട്ടറിൽ ചാടുന്ന സ്ഥിതിയായിരുന്നു. എന്തായാലും സ്റ്റാൻഡിന് ചുറ്റും കട നടത്തുന്നവരും ഓട്ടോ തൊഴിലാളികളും മങ്ങാട്ടുകവല നിവാസികളും പരാതിയുമായി രംഗത്തെത്തി. പൊളിഞ്ഞ ടാറിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മഴയുടെ പേരുംപറഞ്ഞ് കരാറുകാരൻ അതിനൊന്നും തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെയാണ് വിജിലൻസിന്റെ പ്രത്യേക പരിശോധനയായ ഓപ്പറേഷൻ സരൾ രാസ്തയുടെ ഭാഗമായി അന്വേഷണ സംഘം മങ്ങാട്ടുകവല ബസ് സ്റ്റാൻഡിലുമെത്തിയത്. നിർമ്മാണം നടത്തിയ ഉടൻ തന്നെ ടാറിങ് പൊളിഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായി. പരിശോധനയ്ക്കെത്തിയ വിജിലൻസ് സംഘം ടാറിങ് മിശ്രിതത്തിന്റെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ചാണ് മടങ്ങിയത്. നിർമ്മാണം നടത്തി ഗ്യാരന്റി കാലാവധിക്കുള്ളിൽ അത് തകർന്നാൽ ഉത്തരവാദിത്വം കരാറുകാർക്ക് തന്നെയാണെന്ന് വിജിലൻസ് വ്യക്തമാക്കി. ഇതോടെ നഗരസഭയും ശക്തമായി രംഗത്ത് വന്നു. തുടർന്നാണ് തൊഴിലാളികളെയും ജെ.സി.ബിയും റോഡ് റോളറും അനുബന്ധ സാമഗ്രികളും എത്തിച്ച് കരാറുകാരൻ സ്വന്തം ചിലവിൽ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ അറ്റകുറ്റ പണികൾ നടത്തിയത്. ഇതിന്റെ ഭാഗമായി പൊളിഞ്ഞ് കിടന്ന ഭാഗങ്ങളെല്ലാം ടാർ ചെയ്യുകയും കുഴികൾ അടയ്ക്കുകയും ചെയ്തു. ടാറിങ് ജോലികൾക്ക് മേൽനോട്ടം വഹിക്കാൻ നഗരസഭാ പൊതുമരാമത്ത് വിഭാഗം ഓവർസിയറും വാർഡ് കൗൺസിലറും മുഴുവൻ സമയവും സ്ഥലത്തുണ്ടായിരുന്നു. അപാകതകൾ ചൂണ്ടിക്കാട്ടാൻ നാട്ടുകാരും വ്യാപാരികളും സജീവമായി രംഗത്തുണ്ടായിരുന്നു.