നെടുങ്കണ്ടം: 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉടുമ്പഞ്ചോല താലൂക് വ്യവസായ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ പുതുതായി സംരംഭം തുടങ്ങുന്നതിനും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനും ആഗ്രഹിക്കുന്നവർക്കായി സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനാാണ് പരിപാടി സംഘടിപ്പിച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എ. ജോണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
'വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളും സംരംഭകത്വ വികസനവും' എന്ന വിഷയത്തിൽ ഉപജില്ലാ വ്യവസായ ഓഫീസർ വിശാഖ് പി. എസും 'ക്ഷീര മേഖലയിലെ സംരംഭകത്വ സാധ്ദ്ധ്യതകൾ' എന്ന വിഷയത്തിൽ ക്ഷീര വികസന ഓഫീസർ റെജികുമാറും ബാങ്ക് ലോൺ സംബന്ധിച്ച് കെ. എഫ്. സി. മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അഖിൽ ബാലകൃഷ്ണനും സംരംഭകത്വ പരിശീലനം സംബന്ധിച്ച് ഫാക്കൽറ്റി അരുൺ റെജിയും ക്ലാസുകളെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജയകുമാരി എസ്, കെ. വനജ കുമാരി, സജ്‌ന ബഷീർ, ബി. ഡി. ഒ. ദിലീപ് എം. കെ., വ്യവസായ വികസന ഓഫീസർ ജിബിൻ കെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.