തൊടുപുഴ: ഇന്നലെ പത്തനംതിട്ടയിൽ നിന്നും നരബലിയുടെ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എന്നാൽ ആദ്യമായല്ല ആധുനിക കേരളത്തിൽ നരബലിയെന്ന നീചകൃത്യം അരങ്ങേറുന്നത്. ദുർമന്ത്രവാദവും നരബലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ അരഡസനിലേറെ കൊലപാതകൾ ഇടുക്കി ജില്ലയിലുണ്ടായിട്ടുണ്ട്.

പനംകുട്ടി നരബലി

1981 ഡിസംബറിൽ പനംകുട്ടിയിൽ സോഫിയ എന്ന വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട സംഭവം ഏവരെയും ഭീതിയിലാക്കിയ നരബലികളിലൊന്നായിരുന്നു. ഭർത്താവും ബന്ധുക്കളും ചേർന്നായിരുന്നു കൊല നടത്തിയതെന്നാണു പൊലീസ് കേസ്. കൊലപ്പെടുത്തിയശേഷം സോഫിയയെ വീട്ടിലെ അടുക്കളയിൽ കുഴിച്ചിട്ടു. യുവതിയെ കാണാതായതിനെ തുടർന്നു വിവരം തിരക്കിയ നാട്ടുകാരുമായി വീട്ടുകാർ വഴക്കിട്ടു. ഇതിനിടെ കുടുംബത്തിലെ ഒരു സ്ത്രീ, അടുക്കളയിൽ ചാണകംകൊണ്ടു മെഴുകി വൃത്തിയാക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇതിന്റെ തുമ്പിൽ പിടിച്ചു കുടുംബാംഗങ്ങളെ ചോദ്യംചെയ്‌തോടെയാണു കൊലപാതകവിവരം പുറത്തായത്. തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമായിരുന്നു അരുംകൊല. സോഫിയയെ കൊന്ന് അടുക്കളയിൽ കുഴിച്ചിട്ട സ്ഥലത്താണ് ചാണകം മെഴുകിയത്. സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചു.

മുണ്ടിയെരുമ നരബലി

രണ്ട് വർഷങ്ങൾക്ക് ശേഷം 1983 ജൂലായിൽ മുണ്ടിയെരുമയിൽ നടന്ന നരബലി മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. പ്രേതബാധ അകറ്റാൻ വേണ്ടി 15 വയസുകാരനെ പിതാവും സഹോദരിയും അയൽക്കാരിയും ചേർന്നു ബലി നൽകിയെന്ന വാർത്ത അവിശ്വസനീയമായിരുന്നു. മുണ്ടിയെരുമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണു ക്രൂരമായി കൊലപ്പെടുത്തി ബലി നടത്തിയത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിലാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ പ്രേതബാധ അകറ്റാനായിരുന്നു നരബലി നടത്തിയതെന്നാണു പൊലീസ് കേസ്. സംഭവത്തിൽ ആറുപേർക്കു ജീവപര്യന്തം വിധിച്ചു. സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ആറുപേരിൽ അഞ്ചും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

രാമക്കൽമേട് നരബലി

1995 ജൂണിൽ രാമക്കൽമേട് നടന്ന നരബലിയും ഒരു കുട്ടിയുടേതായിരുന്നു. പിതാവും രണ്ടാനമ്മയും ചേർന്നു സ്‌കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തുനിന്നെത്തിയ ആറു മന്ത്രവാദികൾ, മന്ത്രവാദത്തിന്റെ മൂർധന്യത്തിൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു.

ബാലന്റെ വികൃതമായ മൃതദേഹമാണു നാട്ടുകാർ പറ്റേന്ന് കണ്ടത്. രണ്ടാനമ്മയും പിതാവും ഉൾപ്പെടെ നാലുപേർക്ക് സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീട് ഇളവു ചെയ്തു.


കമ്പകക്കാനം കൂട്ടക്കൊല

2018 ജൂലൈ 29 ന് രാത്രി നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടൻമുടി കമ്പകക്കാനം കൂട്ടക്കൊലക്കേസിന് പിന്നിലും ആഭിചാര ക്രിയകളും അതുമായി ബന്ധപ്പെട്ട തർക്കവുമായിരുന്നു. കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (52) ഭാര്യ സുശീല (50) മകൾ ആർഷ (20) മകൻ അർജുൻ (18) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് പിന്നിലെ ചാണകക്കുഴിയിൽ മൂടുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് സംഭവംപുറം ലോകം അറിഞ്ഞത്. നാല് പ്രതികളായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. കൊലപാതകത്തിന്റെ ആസൂത്രകനും കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർ കുടിയിൽ അനീഷ്, സുഹൃത്തുക്കളായ ലിബീഷ് ബാബു, ശ്യാം പ്രസാദ്, സനീഷ് എന്നിവരാണ് ഒന്നു മുതൽ നാല് വരെ പ്രതികൾ. ഇവരെയെല്ലാം അറസ്റ്റും ചെയ്തു. മന്ത്രവാദത്തിന്റെ പേരിൽ കൃഷ്ണനും ശിഷ്യൻ അനീഷും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കൊലപാതകത്തിലേക്ക് നയിച്ചെന്ന് കേസന്വേഷിച്ച ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. കൃഷ്ണനോടൊപ്പം വീട്ടിൽ താമസിച്ച് അനീഷ് മാത്രിക വിദ്യ സായത്തമാക്കിയിരുന്നു. പിന്നീട് അനീഷ് നടത്തിയിരുന്ന മാന്ത്രിക കർമങ്ങൾ ഫലിക്കാതെ വന്നതോടെ ഇതു കൃഷ്ണൻ കാരണമാണെന്ന് ഇയാൾ വിശ്വസിച്ചു. ഇതു തിരികെ ലഭിക്കുന്നതിനും കൃഷ്ണന്റെ കൈവശമുള്ള തായളിയോല ഗ്രന്ഥങ്ങൾ കൈവശപ്പെടുത്താനുമായിരുന്നു കൊല. സംഭവം നടന്ന് ഒരു വർഷം പിന്നിട്ട ശേഷമാണ് കുറ്റപത്രം നൽകിയത്. എന്നാൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും അ്വന്തമാക്കാനായിരുന്നു കരുതിക്കൂട്ടിയുള്ള കൂട്ടക്കൊലയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ കുറ്റപത്രത്തിലെ അവ്യക്തതയും കോടതിയിൽ സമർപ്പിക്കാൻ വൈകിയതും പ്രതികൾക്ക് ജാമ്യം കിട്ടാനിടയാക്കി. എന്നാൽ കേസിലെ ഒന്നാം പ്രതി തേവർ കുടിയിൽ അനീഷിനെ കഴിഞ്ഞ വർഷം വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

യുവാക്കൾ തടഞ്ഞു,​ നരബലിയിൽ നിന്ന്​ രക്ഷപ്പെട്ടത് മൂന്ന് കുട്ടികൾ

വർഷങ്ങൾക്ക് മുമ്പ് രാമക്കൽമേട്ടിലെ ഒരു വീട്ടിലെ പാമ്പുശല്യം രൂക്ഷമായിരുന്നു. ഇതൊഴിവാക്കാൻ വീട്ടുകാർ തമിഴ്‌നാട്ടിലെ ചിന്നമന്നൂരിൽ നിന്നുള്ള രണ്ടു മന്ത്രവാദികളുടെ സഹായം തേടി. എന്നാൽ പാമ്പ് ശല്യത്തിന് കാരണം പുരയിടത്തിലെ നിധിയാണെന്നായിരുന്നു മന്ത്രവാദികൾ കണ്ടെത്തിയത്. കോടികൾ വിലമതിക്കുന്ന നിധിയെടുക്കാൻ നരബലി നടത്തണമെന്നും മന്ത്രവാദികളാവശ്യപ്പെട്ടു. അപ്പോഴാണ് അയൽവീട്ടുകാർ പശുവിന് പാൽ കുറവാണെന്ന പരാതിയുമായി മന്ത്രവാദികളെ സമീപിച്ചത്. അവരോടും മന്ത്രവാദികൾ പുരയിടത്തിൽ നിധിയുണ്ടെന്നും നരബലി നടത്തണമെന്നും ആവശ്യപ്പെട്ടു. ആദ്യത്തെ വീട്ടുകാരൻ തന്റെ രണ്ടു മക്കളെയും ബലിക്കായി ഒരുക്കി. രണ്ടാമത്തെ വീട്ടുകാരൻ ഇരുവീട്ടുകാർക്കും വേണ്ടി 10,000 രൂപ നൽകി. കൂടാതെ അകന്ന ബന്ധത്തിലുള്ള പെൺകുട്ടിയെ ഡൽഹിയിൽ നഴ്‌സിങ് പഠനത്തിന് അയയ്ക്കാനെന്നു കള്ളംപറഞ്ഞ് ബലി നൽകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തി. ഒരു രാത്രി, രണ്ട് വീട്ടിലും നരബലിക്കുള്ള ഒരുക്കങ്ങൾ ചെയ്തു. എന്നാൽ, ആ സമയത്ത് ഇതുവഴി വന്ന ചില യുവാക്കൾ ഒരുക്കങ്ങൾ കണ്ടു ബഹളമുണ്ടാക്കിയതിനാൽ അരുംകൊല നടന്നില്ല. അങ്ങനെ ആ കുട്ടികൾ രക്ഷപ്പെടുകയായിരുന്നു.