മറയൂർ: മറയൂരിൽ ആദ്യ ദിവസം നടന്ന ചന്ദന തൈല ലേലത്തിൽ ഏഴുകിലോ ഗ്രാം ചന്ദന തൈലം വിൽപ്പന നടന്നു. മൂന്ന് ദിവസങ്ങളിലായാണ് മറയൂരിലെ ചന്ദന ലേലം നടക്കുന്നത് ആദ്യ ദിനം ചന്ദന തൈലത്തിന്റെയും പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വിവിധ ക്ലാസുകളിൽപ്പെട്ട ചന്ദന തടികളുടെയും ലേലമാണ് നടക്കുന്നത് . 89 കിലോ ചന്ദനതൈലമാണ് ലേലത്തിനായി എത്തിച്ചത് .കേരളാ സോപ്‌സ് ആറ് കിലോയും കെ എസ് ടി ഡി സി ഒരു കിലോയും വാങ്ങി .കിലോ ഗ്രാമിന് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ് രൂപക്കാണ് വിൽപ്പന നടന്നത് .
1997 കാലത്ത് കള്ളക്കടത്ത് സംഘത്തിൽ നിന്നും പിടികൂടിയ 222 കിലോ ചന്ദന തൈലം 2002 കാലത്ത് മറയൂർ ഡിപ്പോയിൽ എത്തിക്കൂകയും 2019 ലാണ് ചന്ദനതൈലം വിൽപ്പന നടത്താൻ ആരംഭിച്ചത്. അഞ്ച് കിലോ ഉൾപ്പെടുന്ന വിവിധ ലോട്ടുകളായി വിൽപ്പനക്ക് വച്ചതിനാൽ ചന്ദന തൈലത്തിന്റെ വിൽപ്പന ലേലത്തിൽ മന്ദഗതിയിലാണ് നടന്നുവരുന്നത്. മറയൂരിലെ ചന്ദന ഫാക്ടറിയിൽ ഉത്പ്പാദിപ്പിക്കുന്ന ചന്ദന തൈലം കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ വഴി പ്യുവർ ആന്റ് നാച്ച്വറൽ എന്ന ബ്രാന്റിലാണ് വിൽപ്പന നടത്തിവരുന്നത്. ഇതിന് ഗ്രാമിന് 500 രൂപ നിരക്കിൽ ഒരു കിലോയ്ക്ക് അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും . മറയൂർ ചന്ദന തൈലം ഇ -ലേലത്തിലൂടെ വാങ്ങിയാൽ പകുതി വിലക്ക് ലഭിക്കും എന്നതാണ് പ്രത്യേകത.
ചന്ദന തൈലത്തിന് രണ്ട് ലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ് രൂപക്ക് പുറമേ 27 ശതമാനം നികുതിയും കേരളസർക്കാരിലേക്ക് ലഭിക്കും.