തൊടുപുഴ : ജില്ലയിൽ നാഷണൽ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) ഭാഗമായി പ്രവർത്തിക്കുന്ന 150 ഓളം ആശ പ്രവർത്തകർ പത്താംതരം തുല്യത പഠനത്തിനൊരുങ്ങുന്നു. സാക്ഷരതാ മിഷനും എൻ.എച്ച്.എമ്മും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠിതാക്കളുടെ ഫീസ് തുക എൻഎച്ച്എം അടക്കും.സാക്ഷരതാ മിഷനാണ് പഠനസൗകര്യം ഒരുക്കുന്നത്. 150 പേരാണ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പത്താംതരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടിമാലി എസ് എൻ ഡി പി വി.എച്ച്എസ്എസ് , വണ്ടിപ്പെരിയാർ പഞ്ചായത്ത് എച്ച് എസ് എസ്, വാഴത്തോപ്പ് ജി വി എച്ച് എസ് എസ്, കട്ടപ്പന ജി ടി എച്ച്എസ്എസ്, തൊടുപുഴ ജി ജി എച്ച് എസ് എസ്, മറയൂർ ജിഎച്ച്എസ് എന്നിവിടങ്ങളിലാണ് പഠിതാക്കൾക്ക് പഠനസൗകര്യം ഒരുക്കുന്നത്.ഞായറാഴ്ച സമ്പർക്ക പഠന ക്ലാസുകൾ ആരംഭിക്കും. തുടർ വർഷങ്ങളിലും പദ്ധതി തുടരും. പത്താംതരം പാസാകാത്ത ജില്ലയിലെ മുഴുവൻ ആശ പ്രവർത്തകരെയും പത്താംതരം വിജയികളാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പത്താംതരത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള ആശ പ്രവർത്തകരുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്നു.
സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം പദ്ധതി വിശദീകരിച്ചു.എൻ എച്ച് എം ജില്ലാ കോർഡിനേറ്റർ അനിൽ, ജെമിനി ജോസഫ്, സാദിര കെ എസ്, വിനു പി ആന്റണി, ശാലിനി അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നല്കി.