തൊടുപുഴ : സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ പോലും രാത്രിയെന്നൊ പകലെന്നൊ നോക്കാതെ അദ്ധ്യാപകർക്ക് പരിശീലന പരിപാടികൾ പ്രഖ്യാപിക്കുന്ന എസ്.എസ്.കെ.യുടെ ഏക പക്ഷീയമായ തീരുമാനങ്ങളോട് സഹകരിക്കുന്നതല്ലെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.റ്റി.എ) ജില്ലാ കമ്മിറ്റി അറിയിച്ചു. ഉപജില്ലാതലം മുതൽ സംസ്ഥാന തലം വരെ വിവിധ തലങ്ങളിൽ കായിക ശാസ്ത്ര കലാ മേളകൾ നടക്കുന്നതിനിടയിലാണ് അദ്ധ്യാപകരെ പരിശീലന പരിപാടികൾക്കായി നിയോഗിക്കുന്നത്. ഇത് സ്‌കൂളുകളിലെ പഠന പ്രവർത്തനങ്ങളേയും മേളകൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടികളുടേയും താളം തെറ്റിക്കുന്നു.
ഐ.ടി. പരിശീലനം രാത്രിയിൽ തന്നെ നടത്തിയാലെ പറ്റുകയുള്ളു എന്ന പിടിവാശിയാണ് എസ്.എസ്.കെ.യിൽ നേതൃസ്ഥാനത്തെത്തിയ ചിലർക്കുള്ളത്. ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ കെ.പി.എസ്.റ്റി.എ ശക്തമായ സമര പരിപാടികൾ ആവിഷ്‌ക്കരിക്കാനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി എം നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ഡി. അബ്രഹാം, ജില്ലാ സെക്രട്ടറി സജി ടി ജോസ് , മുഹമ്മദ് ഫൈസൽ , ജോളി മുരിങ്ങമറ്റം , ബിജോയി മാത്യു , എം വി ജോർജ്കുട്ടി , കെ രാജൻ , സെലിൻ മൈക്കിൾ , ജോയി ആൻഡ്രൂസ് , അജീഷ് കുമാർ ടി ബി , ഷിന്റോ ജോർജ് , അനീഷ് ജോർജ് , സുനിൽ റ്റി തോമസ് , സിബി കെ ജോർജ് , രാജിമോൻ ഗോവിന്ദ് എന്നിവർ സംസാരിച്ചു.