തൊടുപുഴ : രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലത്ത് കോടതിയിലുള്ള കേസിന്റെ പേരിൽ പ്രദേശവാസികൾക്ക് കുടിവെള്ളം നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.

തൊടുപുഴ നടയം സ്വദേശികളായ 25 പേർ സമർപ്പിച്ച പരാതിയിലാണ് നടപടി. കുടിവെള്ളമെടുക്കുന്നത് സംബന്ധിച്ച് കോടതി നിരോധനം നിലവിലില്ലെങ്കിൽ നാട്ടുകാർക്ക് വെള്ളമെടുക്കുന്നതിന് അനുമതി നൽകണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇടുക്കി ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.ഇടവെട്ടി പഞ്ചായത്തിലുള്ള തങ്ങളുടെ നടപ്പുവഴിയും പാറക്കുളവും പ്രദേശവാസികളായ രണ്ട്പേർ ചേർന്ന് കൈവശപ്പെടുത്തിയെന്നാണ് പരാതി.

കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാസ്പദമായ കുടിവെള്ള സ്രോതസ് ഉൾപ്പെടുന്ന വസ്തു എതിർകക്ഷിയായ ബേബി സാമുവലിന് 2020 ജനുവരി 22 ന് പട്ടയപ്രകാരം പതിച്ചു നൽകിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. നാട്ടുകാർ കുടിവെള്ളമെടുക്കുന്ന പാറക്കുളത്തിലേക്കുള്ള വഴി എതിർകക്ഷികൾ വേലി കെട്ടി അടച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണ് ഇത്. കുടിവെള്ള സ്രോതസ് സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നതാണെന്ന് കളക്ടർ അറിയിച്ചു. നാട്ടുകാർ ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്. ഇടുക്കി ആർ ഡി ഒ ഇക്കാര്യം നേരിട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ തെറ്റായി അനുവദിച്ച പട്ടയം റദ്ദ് ചെയ്ത് പാറക്കുളവും നടപ്പുവഴിയും പുറമ്പോക്കിൽ നിലനിർത്തിയതായി റിപ്പോർട്ടിലുണ്ട്. എന്നാൽ ഉത്തരവിനെതിരെ എതിർ കക്ഷികൾ തൊടുപുഴ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തതതായി റിപ്പോർട്ടിലുണ്ട്. നിലവിൽ കേസ് തൊടുപുഴ കോടതിയുടെ പരിഗണനയിലാണ്.