തൊടുപുഴ : നഗരസഭയിലെ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നതും പൈപ്പ് പൊട്ടുന്നത് സമയബന്ധിതമായി നന്നാക്കാൻ സാധിക്കാത്തതുമാണ് പ്രധാന പ്രശ്‌നമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് പറഞ്ഞു.
നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളായ പാറക്കടവ്, കോലാനി, മാനാന്തടം, ഒളമറ്റത്തെ പെരുകോണി, ഇടികെട്ടിപ്പാറ കൊതകുത്തിപ്പാറ എന്നിവിടങ്ങളിലെ പൈപ്പുകൾ നിരന്തരമായി തകരാറിലാകുന്നത് മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്. പല സ്ഥലങ്ങളിലും ചെറിയ തകരാറുകൾ പരിസരവാസികൾ തന്നെയാണ് പരിഹരിക്കുന്നത്. വിഷയത്തിൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തതാണെന്നും വാട്ടർ അതോറിറ്റി അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. പൊട്ടികിടക്കുന്ന നിരവധി പൈപ്പുകൾ അടക്കം മെയിന്റനൻസ് വേലകൾ നടത്തി കുടിവെള്ള പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാത്തപക്ഷം നഗരസഭാ കൗൺസിൽ ഒന്നടങ്കം വാട്ടർ അതോറിറ്റിയിലേയ്ക്ക് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.