koottanadatham

ഇടുക്കി: സാമൂഹത്തിലും കുടുംബ ബന്ധങ്ങളിലുണ്ടായ മാറ്റങ്ങൾ മൂലം വയോജനങ്ങൾ സങ്കീർണമായ പ്രശ്‌നങ്ങൾ നേരിടുകയാണെന്നും അവ പരിഹരിക്കാൻ പരിഷ്‌കൃത ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും എം.എം. മണി എം. എൽ. എ. പറഞ്ഞു. വയോജന സംരക്ഷണ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും നേത്യത്വത്തിൽ ഇരട്ടയാർ എഴുകുംവയൽ ജയ്മാതാ ഭവനിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായോജനങ്ങൾക്ക് അനുയോജ്യമായ ജീവിത മാർഗങ്ങൾ ഉണ്ടാക്കാൻ ഉത്തരവാദിത്വമുള്ള സർക്കാറുകൾക്ക് ബാധ്യതയുണ്ട്. വയോജനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടേറെ പേരുണ്ട്. തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ വയോജനങ്ങളുടെ കൂടി കഞ്ഞികുടി മുട്ടിക്കുകയാണെന്നും എം.എം. മണി പറഞ്ഞു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിൻസൺ വർക്കി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
വയോജനങ്ങൾ നേരിടുന്ന ആരോഗ്യ, മാനസിക, സാമൂഹ്യ പ്രശ്‌നങ്ങൾ സമൂഹ ശ്രദ്ധയിൽ കൊണ്ടുവരികയും അതിലൂടെ സമാധാനവും സന്തോഷവും നിറഞ്ഞ വാർദ്ധക്യം ഉറപ്പാക്കുകയാണ് ഒക്ടോബർ ഒന്നു മുതൽ 14 വരെ നടത്തി വരുന്ന വയോജന പക്ഷാചരണത്തിന്റെ ലക്ഷ്യം.
ജില്ലാതല പരിപാടിയുടെ ഭാഗമായി എഴുകുംവയൽ ജയ്മാതാ ഭവനിലേക്ക് വയോധികരുടെ കൂട്ട നടത്തം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി കൂട്ടനടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു. ബോധവത്ക്കരണ ക്ലാസ്സുകൾ, ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്, നേത്രപരിശോധന, യോഗ പരിശീലനം, വ്യദ്ധ ജനങ്ങളെ ആദരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചു.
എഴുകുംവയൽ ജയ്മാതാ പള്ളി വികാരി ഫാ .ജോർജ്ജ് പാട്ടത്തേക്കുഴി വയോജനങ്ങളെ ആദരിച്ചു. വയോജനങ്ങളുടെ പൊതു ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഡോ. കെ. എസ്. അരവിന്ദും വയോജനങ്ങളുടെ ഭക്ഷണ ക്രമത്തെ കുറിച്ച് കട്ടപ്പന താലൂക്ക് ആശുപത്രി ഡയറ്റിഷ്യൻ ആശ ജോസഫും ആയുർവേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ. ജിനേഷ് ജെ. മേനോനും ക്ലാസ് നയിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രി ഫിസിയോ തെറാപ്പിസ്റ്റ് കൃപ ജോസ് ഫിസിയോ തെറാപ്പി ക്ലാസ് നയിച്ചു. ക്ഷേമ പെൻഷനുകളെക്കുറിച്ച് ഇരട്ടയാർ പഞ്ചായത്ത് ഐ. സി. ഡി. എസ്. സൂപ്പർവൈസർ ലേഖ വിശദീകരിച്ചു. യോഗ പരിശീലകൻ അനിൽ യോഗ പരിശീലനം നൽകി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ജയ്‌നമ്മ ബേബി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം പ്രീമി ലാലിച്ചൻ, ജില്ലാ മാസ് മീഡിയാ ഓഫീസർ തങ്കച്ചൻ ആന്റണി, ജില്ലാ ടി.ബി. ഓഫീസർ ഡോ. സെൻസി ബി., ഉപ്പുതറ സി. എച്ച്. സി. ഹെൽത്ത് സൂപ്പർവൈസർ അലക്‌സ് ടോം, ചെമ്പകപ്പാറ പി. എച്ച്. സി. ഹെൽത്ത് ഇൻസ്‌പെക്ടർ ആൻസി വർക്കി, ജിജിൻ മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.