തൊടുപുഴ : പുനരധിവാസത്തിന്റെ ഭാഗമായി കുടിയിരുത്തപ്പെട്ട ആദിവാസികളുടെ മനുഷ്യാവകാശത്തിന് വേണ്ടി ആദിവാസി ഗോത്രമഹാസഭ ഒക്ടോബർ 27 ന് കലക്ട്രേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത ആദിവാസികളെ കുടിയിരുത്തി ചിന്നക്കനാൽ പുനരധിവാസ ഭൂമിയിലെ ബഹുഭൂരിപക്ഷം ആദിവാസികളും തിരിച്ചു പോയ സാഹചര്യമാണ് നിലവിലുള്ളത്.ചിന്നക്കനാൽ ആനയിറങ്കൽ ഡാമിന് സമീപ പ്രദേശമായ പുനരധിവാസം ഭൂമി എന്നറിയപ്പെടുന്ന മേഖലയിൽ കുടിയിരുത്തപ്പെട്ടവരിൽ 30ൽപരം അളുകൾ മാത്രമാണ് അവശേഷിക്കുന്നത്. എൺപത് ഏക്കർ മേഖലയിൽ മാത്രമാണ് ജനവാസമുളളത്.സുരക്ഷിതമായ ഭവനം,വന്യജീവികളിൽ നിന്നും സംരക്ഷണത്തിനുളള വൈദ്യുതവേലി,കുടിവെളളം എന്നിങ്ങനെയുളള പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്താത്ത സാഹചര്യത്തിലാണ് കുടിയിരുത്തിയ ആദിവാസികൾ തിരിച്ചു പോയത്.അവശേഷിക്കുന്ന വിരലെണ്ണാവുന്നവർ വന്യജീവികളിൽ നിന്ന് നിരന്തര ഭീഷണിയിലാണ് ജീവിക്കുന്നത്.2008 ൽ കുടിയിരുത്തപ്പെട്ടതിന് ശേഷം വൈദ്യുതവേലി പണിയാൻ എസ്റ്റിമേറ്റിന് വേണ്ടി നിർമ്മതി കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും തുടർ നപടികളുണ്ടായില്ല.ചിന്നക്കനാൽ ആദിവാസി പുരധിവാസ മേഖല ആനത്താരയിലാണെന്ന് സ്ഥാപിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു .എം .ഗീതാനന്ദൻ, പി .ജി .ജനാർദ്ദനൻ,അനീഷ് മാത്യു,സി .ജെ .തങ്കച്ചൻ,പി .കെ. വേണു,സുരേഷ് ചിന്നക്കനാൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .