ഇടുക്കി: ജില്ലയിലെ വിവിധ ഓഫീസുകളിൽ മലയാള ഭാഷ ഉപയോഗിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണകുമാർ വി.ആർ ന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു.
ഓഫീസുകളിലെ വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ, ലിപി, സർക്കാർ ബോർഡുകളുടെ വലിപ്പം തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്തു. സർക്കാർ വാഹനങ്ങളുടെ ബോർഡുകൾ മുൻ വശത്ത് മലയാളത്തിലും പിൻ വശത്ത് ഇംഗ്ലീഷിലും ഒരേ വലുപ്പത്തിൽ എഴുതണം. ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ തസ്തികകൾ മുകളിൽ മലയാളത്തിലും താഴെ ഇംഗ്ലീഷിലുമാണ് എഴുതേണ്ടത്. ഓഫീസ് സീലുകൾ ഇംഗ്ലീഷിനോടൊപ്പം മലയാളത്തിൽ കൂടി തയ്യാറാക്കണം.
കത്തുകളിൽ ഭരണഭാഷ മാതൃഭാഷ എന്ന് രേഖപ്പെടുത്തണം. ഓരോ വകുപ്പും കൈകാര്യം ചെയ്യുന്ന ഫയലുകൾ നിർബന്ധമായും മലയാളത്തിൽ തന്നെ ആയിരിക്കണം. ജില്ലയിൽ ചേരുന്ന ഏകോപന സമിതികളിൽ വകുപ്പ് മേധാവികൾ പങ്കെടുക്കണം. 3 മാസം കൂടുമ്പോഴാണ് യോഗങ്ങൾ ചേരേണ്ടത്.
മലയാളം ടൈപ്പിംഗ് അറിയില്ലാത്തവർക്ക് പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ എഡിഎം ഷൈജു പി ജേക്കബ്, വകുപ്പ് തല മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.