കാഞ്ഞാർ: ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രധാന ടൂറിസം കേന്ദ്രമാകാൻ സാദ്ധ്യതയുളള ഇലവീഴാപൂഞ്ചിറയിലേക്ക് കൂവപ്പിളളി വഴിയുളള റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കപ്പെടുന്നില്ല.ഇതേ തുടർന്ന് ഇവിടേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പടെയുളളവരും പ്രദേശത്തെ 350ൽപരം കുടുംബങ്ങളും ഏറെ കഷ്ടത്തിലാവുകയാണ്. വിദ്യാർഥികൾ,രോഗികൾ,തൊഴിലാളികൾ എന്നിങ്ങനെയുളള നൂറ് കണക്കിന് ആളുകളും നിത്യവും സഞ്ചരിക്കുന്ന റോഡാണിത്. ചക്കിക്കാവിൽ നിന്ന് പൂഞ്ചിറയിലേക്കുളള മൂന്നര കിലോമീറ്റർ റോഡാണ് പൂർണമായും തകർന്ന് ഉപയോഗപ്രദമല്ലാതായത്.ഓഫ് റോഡ് ജീപ്പിനെ മാത്രം ആശ്രയിച്ചുളള ഗതാഗതത്തിന് 800 മുതൽ 1000 വരെയാണ് മൂന്നര കിലോമീറ്റർ ദൂരം പിന്നിടാൻ ഈടാക്കുന്ന നിരക്ക്.10 വർഷം മുൻപ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൂവപ്പിളളി,പൂഞ്ചിറ, മേലുകാവ് റോഡ് ടാറിംഗിന് 16 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കുയും ചെയ്തിരുന്നു.എന്നാൽ ഉദ്യോഗസ്ഥ - കോൺട്രാക്ടർ തർക്കത്തെ തുടർന്ന് നിർമ്മാണം പാതി വഴിയിൽ നിലച്ചു.സ്ഥലം എം എൽ എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നില്ലന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.കോട്ടയം ജില്ലയിൽ മേലുകാവ് മുതൽ പൂഞ്ചിറ വരെയുള്ള റോഡ് സമീപകാലത്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.ഇടുക്കി ജില്ലയുടെ ഭാഗമായിട്ടുള്ള റോഡിലെ ദുരവസ്ഥയാണ് പരിഹരിക്കാത്തത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കോടതി നിർദേശ പ്രകാരമുള്ള വിജിലൻസ് അന്വേഷണവും മന്ദഗതിയിലാണ്.
ബി ജെ പി പ്രക്ഷോഭത്തിലേക്ക്
ചക്കിക്കാവ് പൂഞ്ചിറ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ബി ജെ പി കുടയത്തൂർ പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജിതേഷ്,സിജിമോൻ,സെക്രട്ടറി അനൂപ് പാങ്കാവിൽ,ഗോപാലകൃഷ്ണൻ,ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിജു കണ്ടത്തിൽ,ജനറൽ സെക്രട്ടറി ഹരിദത്ത്,സെക്രട്ടറി ജ്യോതിഷ്‌കുമാർ,കമ്മിറ്റി അംഗങ്ങളായ സജി ചക്കിക്കാവ്,ഷൈജു,രതീഷ് എന്നിവർ സംസാരിച്ചു.
തകർന്ന് കിടക്കുന്ന ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ റോഡ്