
മറയൂർ: ചന്ദന ലേലത്തിന്റെ രണ്ടാംദിനം 33.5 കോടിയുടെ വിൽപ്പന. വിവിധ ക്ലാസുകളിൽ ഉൾപ്പെട്ട 60 ടൺ ചന്ദനമാണ് ഇന്നലെ മാത്രം ലേലത്തിൽ വിറ്റഴിഞ്ഞത്. ക്ലാസ് അഞ്ച് ഇനത്തിൽപ്പെട്ട ചന്ദനത്തിന് ഒരു കിലോഗ്രാമിന് ഏറ്റവും ഉയർന്ന വിലയായി 15,374 രൂപ ലഭിച്ചു. ഇതിന് പുറമേ 27 ശതമാനം നികുതിയും സർക്കാരിലേക്ക് ലഭിക്കും. ക്ലാസ് മൂന്ന് ഇനത്തിൽപ്പെട്ട പാഞ്ചം ചന്ദനത്തിന് കിലോഗ്രാമിന് 15,301 രൂപ വില ലഭിച്ചു. ക്ലാസ് പത്ത് ഇനത്തിൽപ്പെട്ട ചന്ദനമാണ് ഏറ്റവും അധികം വിറ്റഴിഞ്ഞ ഇനം. 6,832 കിലോ ഗ്രാം ചന്ദനമാണ് ഈ ഇനത്തിൽ മാത്രമായി വിൽപ്പന നടന്നത് ബഗ്രിദാദ് ചന്ദനം 4502 കിലോഗ്രാം വിറ്റഴിഞ്ഞു. കർണ്ണാടക സോപ്‌സ് ആന്റ് ഡിറ്റർജന്റ് ലിമിറ്റഡ്, കേരള സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ ഔഷധി, കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോ- ഓപ്പറേഷൻ, ക്ലൗഡ് 9 ജയ്പ്പൂർ, സി.എം.ടി ആർട്‌സ് ജയ്‌പൂർ, എന്നിവയ്ക്ക് പുറമേ ഗുരുവായൂർ ദേവസം, വെച്ചൂർ നെടുമ്പറമ്പിൽ ദുർഗ്ഗാ ദേവീക്ഷേത്രം, മുള്ളികുളങ്ങര കളരിക്കൽ ഭഗവതി ക്ഷേത്രം, കൊച്ചിൻ തിരുമല ദേവസ്വം ഉൾപ്പെടെ ഒമ്പത് സ്ഥാപനങ്ങളാണ് ഓൺലൈനായി നടന്ന ലേലത്തിൽ പങ്കെടുത്തത്. ചന്ദന വേരുകൾ മൂന്ന് ക്ലാസുകളിലായി ലേലത്തിൽ എത്തിച്ചതിൽ ഉയർന്ന വിലയായി 13,000 രൂപ നിരക്കിൽ 5 ടൺ ചന്ദനം വിറ്റഴിഞ്ഞു. ലേലത്തിൽ പങ്കെടുത്ത കർണ്ണാടക സോപ്‌സാണ് 4788.90 കിലോഗ്രാം ചന്ദനം 23.5 കോടിയ്ക്ക് ലേലത്തിൽ വാങ്ങിയത്. ക്ലൗഡ്- 9 ജയ്‌പൂർ 941 കിലോഗ്രാം ചന്ദനം 1.49 കോടിയ്ക്ക് വാങ്ങി. രണ്ട് സെക്ഷനുകളിലായി നടന്ന ചന്ദന ലേലം ഇന്നും തുടരും. 50 കോടിയുടെ വിൽപ്പനയാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനം നടന്ന ചന്ദന തൈല ലേലത്തിൽ 7 കിലോ ഗ്രാം തൈലം 20.81 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. വർഷത്തിൽ രണ്ട് തവണകളിലായി നടക്കുന്ന ലേലത്തിൽ ശരാശരി 100 കോടിയോളം രൂപ സർക്കാരിലേക്ക് വരുമാനം ലഭിക്കും.