കട്ടപ്പന: വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സിബി എബ്രഹാമിനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്ന് രാവിലെ 11 ന് ചർച്ച ചെയ്യും.എൽ ഡി എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത്‌ ഭരണത്തിന് എതിരെ യു ഡി എഫ്,ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര അംഗമായ സുരേഷ് മാനങ്കേരിയാണ് അവിശ്വാസം കൊണ്ടുവന്നത്.സെപ്തംബർ 26നാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. യു.ഡി.എഫും ബി.ജെ.പിയും പ്രമേയത്തെ അനുകൂലിച്ചാൽ അവിശ്വാസം പാസാകും.മുൻപ് ഇതേരീതിയിൽ അവിശ്വാസം കൊണ്ടുവന്നപ്പോൾ ഇരുമുന്നണികളും പിന്തുണച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.എന്നാൽ മുൻപ് ഉണ്ടായിരുന്നതിലും ഒരു സീറ്റു കൂടി യു ഡി എഫിന് ലഭിച്ചതിനാൽ പ്രമേയം പാസാകാൻ സാദ്ധ്യതയേറി. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽ ഡി എഫ്-8,യു ഡി എഫ്-6, ബിജെപി-3,സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷി നില.ഇപ്പോൾ ഭരണത്തിലുള്ള എൽ ഡി എഫിന് 9 അംഗങ്ങളാണ് മുൻപുണ്ടായിരുന്നത്.സി പി എം പിന്തുണയോടെ അച്ചക്കാനം വാർഡിൽ നിന്നു ജയിച്ച വനിതാ പ്രതിനിധി കാമുകനൊടൊപ്പം ചേർന്ന് ഭർത്താവിനെ എം ഡി എം എ കേസിൽ കുടുക്കാൻ ശ്രമിച്ച് പൊലീസിന്റെ പിടിയിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു.എൽ ഡി എഫിന്റെ അംഗങ്ങൾ കുറഞ്ഞതോടെ മാർച്ച് 23ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പാസായില്ല. പഞ്ചായത്തിൽ ആകെ വിജ്ഞാപനം ചെയ്ത അംഗസംഖ്യയായ പതിനെട്ടിൽ ഭൂരിപക്ഷമായ 10 ലഭി ക്കാത്തതിനാൽ പ്രമേയം പാസാക്കാനാവില്ലെന്ന് വരണാധികാരി അറിയിച്ചതാണ് പ്രമേയം പരാജയപ്പെടാൻ കാരണം. എന്നാൽ പിന്നീടു നടന്ന ഉപതിരഞ്ഞടുപ്പിൽ അച്ചക്കാനം വാർഡ് യു ഡി എഫ് ന് ലഭിച്ചു.ഇതേ തുടർന്ന് പ്രതിപക്ഷ കൂട്ടായ്മയുടെ അംഗസംഖ്യ 10 ആയതോടെയാണ് സ്വതത്ര അംഗത്തിന്റെ നേതൃത്വത്തിൽ വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്.അവിശ്വാസം പാസായാൽ സ്വതന്ത്ര അംഗം പ്രസിഡന്റ് പദവിയിൽ എത്തി യേക്കുമെന്നാണു സൂചന.കൂടാതെ അടുത്ത ഘട്ടമായി വൈസ് പ്രസിഡന്റിന് എതിരെയും പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതായിട്ടാണ് സൂചന.