തൊടുപുഴ : പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ നഗരസഭയിൽ വിവിധ ഇടങ്ങളിലായി ഇരുപതോളം പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചതായി നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. തൊടുപുഴ നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് സംഘടിപ്പിച്ച ക്യാമ്പുകളിൽ ഏകദേശം അറുനൂറോളം വളർത്തു നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് നടത്തുകയുണ്ടായി. പദ്ധതിയുടെ അടുത്ത ഘട്ടം എന്ന നിലയിൽ തെരുവ് നായ്ക്കളെകൂടി പിടിച്ച് വാക്‌സിനേഷൻ നടത്തുന്നതിനും വന്ധീകരിക്കുന്നതിനുമുള്ള നടപടികളാണ് പരിഗണനയിലുള്ളത്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി നഗരസഭയിൽ നിന്ന് ലൈസൻസ് എടുക്കുന്നവർക്ക് മാത്രമേ നായ്ക്കളെ വളർത്തുന്നതിന് അനുവാദമുള്ളൂ. നിരവധി ആളുകൾ ഇതിനോടകം ലൈസൻസ് നേടിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വീടുകളിൽ നായ്ക്കളെ വളർത്തുന്നതിന് പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.