കാഞ്ഞാർ: അമിത പണം നൽകാത്തതിനെ തുടർന്ന് സർട്ടിഫീക്കറ്റ് തടഞ്ഞ് വെച്ചതായി പരാതി.ഇത് സംബന്ധിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ 2018-22 ബി പി ഇ എസ് ബാച്ചിലെ വിദ്യാർത്ഥികൾ ജില്ലാ ലീഗൽ സർവീസസ് അതൊറിറ്റിക്കും കാഞ്ഞാർ പൊലീസിനും പരാതി നൽകി.കോളേജിനും ഹോസ്റ്റലിനും നൽകാനുള്ള എല്ലാ ഫീസുകളും പൂർണ്ണമായും അടച്ചതാണ്.എന്നാൽ കോളേജിൽ നിന്ന് ലഭിക്കാനുള്ള എൽ ഒ ആർ, എം ഒ ഐ എന്നീ സർട്ടിഫിക്കേറ്റുകൾ കോളേജിൽ നിന്ന് വാങ്ങാൻ എത്തിയപ്പോഴാണ് കോവിഡ് കാലഘട്ടത്തിൽ കോളേജ് പ്രവർത്തിക്കാത്ത സമയത്തുള്ള മുഴുവൻ ഹോസ്റ്റൽ ഫീസും അടച്ചാൽ മാത്രമേ സർട്ടിഫിക്കേറ്റുകൾ നൽകുകയുള്ളു എന്ന് കോളേജ് അധികൃതർ പറയുന്നത്.ഇത് കൂടാതെ കോഷൻ ഡിപ്പോസിറ്റായ 5000 രൂപയും കോളേജ് അധികൃതർ അന്യായമായി കൈക്കലാക്കുകയും ചെയ്തു.വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കാഞ്ഞാർ എസ് എച്ച് ഒയോടും രേഖകളുമായി ഇന്ന് രാവിലെ 10.30 ന് ഹാജരാകാൻ കോളേജ് അധികൃതർക്കും ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജ് സിറാജുദ്ധീൻ പി എ നിർദേശം നൽകി.