ഇടുക്കി: ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കയർ ഭൂവസ്ത്ര വിതാനം പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കയർ ഭൂവസ്ത്ര വിതാനം പദ്ധതി വ്യാപിക്കുന്നതിന് കയർ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൃത്രിമ നാരുകളുടെ അമിത ഉപയോഗം മൂലം സന്തുലിതാവസ്ഥ നഷ്ടപ്പെട്ട പ്രകൃതിയെ കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗത്തിലൂടെ സംരക്ഷിച്ച് നിലനിർത്തുന്നതിനായി സർക്കാർ തലത്തിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കയർ ഭൂവസ്ത്ര വിതാനം. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിലെ ഈർപ്പം നിലനിർത്തി അന്തരീക്ഷത്തിലെ താപനില കുറയ്ക്കുന്നതിനും തോടുകൾ, കുളങ്ങൾ, നീർച്ചാലുകൾ എന്നിവയുടെ തീര സംരക്ഷണത്തിനും മറ്റും കയർ ഭൂവസ്ത്രം ഉപയോഗിച്ചുവരുന്നുണ്ട്. കൂടാതെ കയർ നിർമ്മാതാക്കൾക്ക് പ്രാദേശിക വിപണയിൽ കൂടുതൽ കയർ വിൽക്കാൻ സാധിക്കുമെന്നതും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതും പദ്ധതിയുടെ മറ്റൊരു നേട്ടമാണ്.
'തൊഴിലുറപ്പും കയർ ഭൂവസ്ത്ര വിതാന സാധ്യതകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കയർ കോർപറേഷൻ സെയിൽസ് മാനേജർ അരുൺ ചന്ദ്രൻ വിഷയാവതരണം നടത്തി. തുടർന്ന് ഇടുക്കി ബ്ലോക്കിന് പരിധിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്ര വിരിക്കുന്ന പ്രവൃത്തി ഏറ്റെടുത്തു നടത്തിയ മരിയാപുരം, വാഴത്തോപ്പ്, അറക്കുളം ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കയർ വികസന വകുപ്പ് പ്രൊജ്ര്രക് ഓഫീസർ സ്മിത ജേക്കബ്, എം.ജി.എൻ.ആർ.ഇ.ജി.എസ്. ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ബിൻസ് സി. തോമസ്, ബി. ഡി. ഒ. മുഹമ്മദ് സബീർ എന്നിവർ സംസാരിച്ചു.