തൊടുപുഴ: ഒന്നാമത് വൈ.എം.സി.എ കപ്പ് ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് നാളെ നടക്കും. ഒളമറ്റത്തുള്ള വൈ.എം.സി.എ തോപ്പൻസ് സ്വിമ്മിങ് പൂളിൽ നടക്കുന്ന മത്സരങ്ങൾ രാവിലെ 10.30ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോപ്പൻസ് സ്വിമ്മിങ് സെന്ററും ജില്ലാ അക്വാട്ടിക് അസോസിയേഷനും (ഫിൻസ്) ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്ന് നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. അഞ്ച് വിഭാഗങ്ങളിലായി അമ്പതോളം ഇനങ്ങളിൽ മത്സരമുണ്ടാകും. വൈകിട്ട് 3.30ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് സമ്മാനദാനം നിർവഹിക്കും. ചാമ്പ്യൻ ടീമിനുള്ള വൈ.എം.സി.എ എവറോളിങ് കപ്പ് സ്‌പോൺസർ ചെയ്യുന്നത് പുളിമൂട്ടിൽ സിൽക്‌സാണ്. മാമൂട്ടിൽ കുടുംബം സ്‌പോൺസർ ചെയ്യുന്ന അലീന അഗസ്റ്റിൻ മെമ്മോറിയൽ എവറോളിങ് ട്രോഫി റണ്ണേഴ്‌സ് അപ്പിന് സമ്മാനിക്കും. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും ഫലകവും നൽകും. മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈ.എം.സി.എ പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ, സെക്രട്ടറി രൂപേഷ് ജോസ്, പുളിമൂട്ടിൽ സിൽക്‌സ് ഉടമ ഔസേപ്പ് ജോൺ, തോപ്പൻസ് സ്വിമ്മിങ് സെന്റർ ഡയറക്ടർ മാത്യു ജോസഫ്, ജില്ലാ ഫിൻ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി എൻ.വി. ബിജുമോൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലിറ്റോ പി. ജോൺ തുടങ്ങിയവർ പങ്കെടുത്തു.