കുമളി: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി കുമളി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. കൊവിഡിന് ശേഷമുള്ള തീർത്ഥാടന കാലം എന്ന നിലയിൽ അയ്യപ്പഭക്തരുടെ വലിയ തിരക്ക് ഇത്തവണ ഉണ്ടാകാനാണ് സാദ്ധ്യതയെന്ന് യോഗം വിലയിരുത്തി. മണ്ഡലമകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി കുമളി മുതൽ ചോറ്റുപാറ വരെ വിവിധ ക്രമീകരണങ്ങൾ നടത്തും. പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കുമളിയിൽ ആരംഭിക്കും. വഴിവിളക്കുകൾ, ഭക്തർക്കായി വിരിപ്പന്തൽ, മെഡിക്കൽ ക്യാമ്പ്, ശുചിമുറി, ടൗണിൽ ട്രാഫിക്ക് നിയന്ത്രണം തുടങ്ങിയവ ഒരുക്കും.
ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വനം വകുപ്പിന്റെ ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട് വിട്ടു നൽകണമെന്ന ആവശ്യവുമായി സർക്കാരിനെ സമീപിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇതിനു പുറമെ പാർക്കിങ്ങിനായി ബദൽ സംവിധാനവും കണ്ടെത്തും. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് ഏറ്റെടുക്കും. മുൻ വർഷങ്ങളിൽ ചോറ്റുപാറയിൽ പൊലീസ് സ്ഥാപിച്ച വെർച്ചൽ ക്യൂ ടിക്കറ്റ് ബുക്കിങ് സംവിധാനം ഇത്തവണയും നടപ്പാക്കും. കുമളി ടൗണിലെ വ്യാപാരികളുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
വ്യാപാര സ്ഥാപനങ്ങളിൽ ഡിപ്പാർട്ടുമെന്റുകളുടെ സംയുക്ത പരിശോധന കർശനമാക്കുന്നതിനും പ്ലാസ്റ്റിക് പൂർണ്ണമായി നിരോധിക്കാനും തീരുമാനിച്ചു. തകർന്ന സ്ലാബുകളുടെ അറ്റകുറ്റപ്പണി, പാർക്കിംഗ് ലൈൻ മാർക്കിംഗ് എന്നിവ ദേശീയപാത അധികൃതർ നിർവഹിക്കും.
സർവകക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.